നെൽപാടങ്ങൾ ഉഴുതുമറിക്കാൻ 63 കാരനായ ഗോപിക്ക് പ്രായം ഒരു തടസമേയല്ല. നാലു പതിറ്റാണ്ടായി തുടരുന്ന അധ്വാനത്തിന് ഇന്നും കുറവ് ഒട്ടുമില്ല. മറ്റത്തൂർക്കാരൻ ടില്ലർ ഗോപിക്ക് പ്രായം ഒരഴകാണ്...

41 വർഷമായി നെൽപാടങ്ങളിൽ സജീവമാണ് തൃശൂർ മറ്റത്തൂർ സ്വദേശി ഗോപി. പാടങ്ങൾ ഉഴുതുമറിക്കാൻ ഗോപിയും ഗോപിയുടെ ടില്ലറും നിർബന്ധമാണ് എല്ലാവർക്കും. 63 വയസുണ്ട് കക്ഷിക്ക്. ആറാം ക്ലാസിൽ പഠനം നിർത്തി ചേറിൽ ഇറങ്ങിയതാണ്. പിന്നെ വിശ്രമിച്ചിട്ടേയില്ല. ടില്ലറും അതിൽ ഒട്ടിച്ചേർന്ന ഗോപിയും നാട്ടുകാർക്കേറെ പ്രിയപ്പെട്ടവനാണ്. ടില്ലർ ഗോപി എന്നാണ് വിളിപ്പേര് പോലും. അധ്വാനത്തിന് പ്രായം ഒരു തടസമേയല്ല..

ഉഴുതു മറിക്കാൻ പണ്ട് കാളകളായിരുന്നു ഒപ്പം. പിന്നെയാണ് ടില്ലറിനെ ആശ്രയിച്ചത്. പുലർച്ചെ തുടങ്ങി നേരം ഇരുട്ടും വരെ അധ്വാനിക്കും. കൂലിയല്ല, കൃഷിയോടുള്ള താൽപര്യമാണ് തന്റെ അധ്വാനത്തിനു പിന്നിലെന്ന് പറയുന്നുണ്ട് ഗോപി. കാലം മാറുന്നതിനനുസരിച്ച് കൃഷി രീതിയിൽ വരുന്ന മാറ്റവും അവഗണനയും ഗോപി പങ്കുവെക്കും.

മറ്റത്തൂർ, കൊടകര, പറപ്പൂക്കര, മുരിയാട്, ആളൂർ ഭാഗങ്ങളിലാണ് പ്രധാനമായും ഉഴാനെത്തുക. കോൾ പാടങ്ങളിലുമെത്തും. 2013 ൽ മറ്റത്തൂർ പഞ്ചായത്തിലെ മികച്ച കർഷകത്തൊഴിലാളിയായി ഗോപിയെ തിരഞ്ഞെടുത്തിരുന്നു.വിശ്രമിക്കാൻ ഒരുക്കമല്ലെന്നും പറ്റാവുന്നയത്ര കാലം താൻ ചേറിലിറങ്ങുമെന്നുമാണ് ഗോപിയേട്ടന്റെ ഉറപ്പ്.