പ്രായമേറെ ആയെങ്കിലും കാവ് ചുമന്ന് കടകളിലും വീടുകളിലും മുടങ്ങാതെ വെള്ളമെത്തിക്കുന്ന ഒരാളുണ്ട് വയനാട് അമ്പലവയലില്‍. ഒരു കമ്പിന് ഇരുവശത്തുമായുള്ള തകരപാട്ടയില്‍ വെള്ളം നിറച്ച കാവ് ചുമന്ന് വിതരണം ചെയ്യുന്ന തൊഴിലില്‍ ഒരുകാലത്ത് നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇന്ന് അതിന് ഹരിദാസേട്ടന്‍ മാത്രമെയുള്ളു
അമ്പലവയലിന്‍റെ ദാഹമകറ്റിയിരുന്ന കിണറില്‍ നിന്ന് വെള്ളം കോരാന്‍ പണ്ട് ആളുകളുടെ തിരക്കായിരുന്നു. ഇന്ന് ഈ അമ്മാവന്‍ കിണറിന്‍റെ കരയില്‍ മുടങ്ങാതെ എത്തുന്ന ഒരേയൊരാള്‍ ഹരിദാസേട്ടന്‍ ആണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാളവണ്ടിയുണ്ടായിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ഹരിദാസേട്ടനെ പോലെ കാവ് ചുമക്കുന്നവരായിരുന്നു വെള്ളത്തിന് ആശ്രയം. മുളങ്കമ്പിനു ഇരുവശത്തും തകരപാട്ടകള്‍ കെട്ടി അതില്‍ വെള്ളം നിറച്ച കാവ് തോളില്‍ ചുമന്ന് ഓടുന്ന മനുഷ്യരുടെ ചിത്രം ഒരുപക്ഷ പുതുതലമുറയ്ക്ക് ആശ്ചര്യമായിരിക്കും.
കിണറിരിക്കുന്നിടത്തു നിന്ന് ചുറ്റുമുള്ള കുന്നികള്‍ക്ക് മുകളിലാണ് അമ്പലവയല്‍ ടൗണ്‍. കഴിഞ്ഞ 40 വര്‍ഷങ്ങളിലേറെയായി ഈ കയറ്റങ്ങള്‍ മുഴുവനും വെള്ളം ചുമന്ന് കേറുകയാണ് ഹരിദാസേട്ടന്‍. കയറ്റവും വെള്ളത്തിന്‍റെ ഭാരവും ശരീരത്തെ തളര്‍ത്താതിരിക്കാനുള്ള സൂത്രം ഹരിദാസേട്ടന്‍റെ കൈയ്യിലുണ്ട്. വെള്ളവും ചുമന്ന് നടക്കുകയല്ല, ഓടുകയാണ് ഇദ്ദേഹം. 1952ല്‍ നിര്‍മിച്ച കിണറിന്‍റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും ഹരിദാസേട്ടനാണ്. കിണറില്‍ നിന്ന് ശേഘരിച്ച വെള്ളത്തിന്‍റെ ഗുണനിലവാരം കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നുമുണ്ട്. അമൂല്യമായ ജലവുമായി ആഴത്തിലുള്ളൊരു ബന്ധമാണ് ഹരിദാസേട്ടനുള്ളത്.
wayanad haridas story
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.