വിഹിതം വെട്ടിക്കുറച്ചു, വികസന പദ്ധതികളില്ല; ബജറ്റില്‍ കേരളത്തിന് നിരാശ മാത്രം

Budget_845x440_2
SHARE

കേന്ദ്രബജറ്റില്‍ കേരളത്തിന് നിരാശ. മൂലധന വായ്പ ഇനത്തില്‍ 4000 കോടിയോളം കിട്ടാന്‍ അര്‍ഹതയുണ്ടെങ്കിലും അത് കിട്ടുമെന്ന പ്രതീക്ഷയും സംസ്ഥാന സര്‍ക്കാരിനില്ല. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പടെയുണ്ടായ വെട്ടിക്കുറവിലും സംസ്ഥാനം ആശങ്കയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പിച്ചുള്ള തൃശൂര്‍ സന്ദര്‍ശനങ്ങള്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍റെ തിരുവനന്തപുരം സന്ദര്‍ശനം, കേരളത്തില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ പരിശ്രമങ്ങള്‍. ഇത്തവണ ബജറ്റിലും കേരളത്തിന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ റോഡ്, റയില്‍വേ അടക്കം അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിരാശയാണ് ബാക്കിപത്രം. സംസ്ഥാനങ്ങള്‍ക്കുള്ള ഒരുലക്ഷം കോടിയുടെ മൂലധന വായ്പയിലും കേരളം പ്രതീക്ഷ വയ്ക്കുന്നില്ല.

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച കേന്ദ്ര റയില്‍ മന്ത്രിയുടെ പ്രതികരണം തിരിച്ചടിയാണെങ്കിലും അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. പദ്ധതി കേന്ദ്രത്തിന്‍റെ പരിഗണനയിലാണെന്നും ഇപ്പോഴത്തേത് രാഷ്ട്രീയ പ്രതികരണമായിരിക്കും എന്നുമാണ് ബാലഗോപാല്‍ പറഞ്ഞത്. കടമെടുപ്പ് പരിധി കൂട്ടണം, സംസ്ഥാനത്തിനുള്ള വിഹിതം കൂട്ടണം, റബര്‍ സബ്സിഡിക്ക് കൂടുതല്‍ സഹായം വേണം തുടങ്ങിയ കേരളത്തിന്‍റെ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. എയിംസ് ഇത്തവണയും പ്രഖ്യാപിക്കാത്തതും നിരാശയായി. പൊതുവില്‍ വലിയ പ്രഖ്യാപനങ്ങളില്ലാത്ത ബജറ്റ് ആയതിനാല്‍ കേരളത്തിന് മാത്രമായി ഏറെ നിരാശപ്പെടാനില്ലെന്നതാണ് യാഥാര്‍ഥ്യം. 

Kerala is disappointed in the central budget

MORE IN BREAKING NEWS
SHOW MORE