പുതിയ ആദായനികുതി ഘടനയിലേക്ക് മാറുന്നവര്‍ക്ക് മാത്രം ഇളവുകള്‍ പ്രഖ്യാപിച്ചും നികുതി സ്ലാബുകള്‍ കുറച്ചും കേന്ദ്ര ബജറ്റ്. വീടിനുള്ള വായ്പയ്ക്കും ഇന്‍ഷുറന്‍സിനും അടക്കം കിഴിവുകള്‍ ബാധകമായ പഴയ രീതി തുടരുന്നവര്‍ക്ക് യാതൊരു ഇളവും പ്രഖ്യാപിച്ചില്ല. പുതിയ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഏഴുലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. ഏഴുലക്ഷംരൂപയില്‍ കൂടുതലെങ്കില്‍ മൂന്നുലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി കണക്കാക്കും. നിലവിലിത് രണ്ടരലക്ഷംരൂപയായിരുന്നു.
അഞ്ച് നികുതി സ്ലാബുകളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. മൂന്നുലക്ഷംരൂപ മുതല്‍ ആറുലക്ഷംരൂപ വരെ അഞ്ചുശതമാനം. ആറുമുതല്‍ ഒന്‍പതുലക്ഷംരൂപവരെ പത്തുശതമാനം. പന്ത്രണ്ടുലക്ഷംമുതല്‍ പതിനഞ്ച് ലക്ഷംരൂപവരെ ഇരുപതുശതമാനം. പതിനഞ്ചുലക്ഷത്തിനുമുകളില്‍ മുപ്പതുശതമാനവുമാണ് പുതിയ നികുതി നിരക്ക്. പഴയരീതി തുടരുന്നവര്‍ക്ക് അഞ്ചുലക്ഷംരൂപ വരെയുള്ള വരുമാനത്തിനുള്ള ഇളവ് തുടരും.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ..
സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ്, കുട എന്നിവയ്ക്ക് വില കൂടും. സിഗരറ്റിന് 16 ശതമാനവും കുടയ്ക്ക് 20 ശതമാനം തീരുവ കൂട്ടി. കൃത്രിമ ആഭരണ ഇറക്കുമതിക്ക് കിലോയ്ക്ക് 400 രൂപയെന്ന നിരക്കിലും തീരുവ വര്‍ധിപ്പിച്ചു. അതേസമയം, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.
ടിവി പാനലുകള്‍, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചു. എതനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ ,സ്മാര്‍ട്ട് വാച്ച്, സ്മാര്‍ട് മീറ്റര്‍, മൊബൈല്‍ ഫോണ്‍ ട്രാന്‍സ്ഫോര്‍മര്‍ എന്നിവയ്ക്ക് വില കുറയും.
എല്ലാ സർക്കാർ ഏജൻസികളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും
38,300 അധ്യാപകരെ നിയമിക്കും. 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 'മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതി' കൊണ്ടുവരും. രണ്ട് വര്‍ഷം കാലാവധിയുള്ള പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം പലിശ സമ്പാദ്യത്തിന് നല്‍കും
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപപരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. മാസവരുമാനക്കാര്‍ക്കുള്ള നിക്ഷേപപരിധി 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമാക്കി.
ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപപരിധി 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കും. വെഹിക്കിള്‍ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കും
47 ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം സ്റ്റൈപ്പന്‍ഡ് നല്‍കാന്‍ പദ്ധതി
കോഡിങ് അടക്കമുള്ള മേഖലകളില്‍ നൈപുണ്യവികസന പദ്ധതി
MSMEകള്‍ക്ക് 9000 കോടി
ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി
നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കും
നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും
എല്ലാ നഗരങ്ങളിലും അഴുക്ക് ചാല്‍ വൃത്തിയാക്കാന്‍ യന്ത്രങ്ങള്‍; ആള്‍നൂഴികള്‍ ഒഴിവാക്കും
എഐ വികസനത്തിന് കേന്ദ്രങ്ങള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങള്‍.
2023–24 സാമ്പത്തികവര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 33 % അധികം; ജിഡിപിയുടെ 3.3 ശതമാനം