ശബരിമലയിലെ കടകളില്‍ നിരക്കുന്ന വര്‍ണപ്പകിട്ടുള്ള മാലകള്‍ ഇന്നും തീര്‍ഥാടകര്‍ക്ക് കൗതുകമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, നാട്ടിന്‍പുറങ്ങളില്‍ കടകളേറെ നിറഞ്ഞിട്ടും ശബരിമലയില്‍ നിരക്കുന്ന മാലകള്‍ക്ക് കുറവില്ല. ഒരു കാലത്ത് ശബരിമലയില്‍ പോയിവന്നാല്‍ അയല്‍വീടുകളില്‍ മാലകള്‍ നല്‍കിയിരുന്നത് ഒരു ചടങ്ങുപോലെ ആയിരുന്നു.
ശബരിമലയില്‍ പോയിവരുന്നവരെ കൊതിയോടെ കാത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ഫാന്‍സികടകള്‍ ഇല്ലാത്ത കാലം. ആണ്ടിലൊരിക്കല്‍ ഉല്‍സവത്തിന് നിരക്കുന്ന വച്ചുവാണിഭക്കാര്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ശബരിമലയില്‍ നിന്ന് കൊണ്ടുവരുന്ന മാലകള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയമായിരുന്നു. പലനിറത്തിലുള്ള മുത്തുകളും, കല്ലുകളും കോര്‍ത്ത മാലകള്‍, രുദ്രാക്ഷമാലകള്‍, പുലിനഖമാലകള്‍ തുടങ്ങി പലതരം മാലകള്‍. നാട്ടിലെ ഉല്‍സവത്തിന് നിരക്കുന്ന മാലകളേക്കാള്‍ വൈവിധ്യമുള്ളവ. മലകയറി മടങ്ങിവരുന്ന തീര്‍ഥാടകന്‍ ദക്ഷിണനല്‍കിയ വീടുകളിലും അയല്‍ വീടുകളിലും ബന്ധുവീടുകളിലും നല്‍കുന്ന പ്രസാദപ്പൊതികള്‍ക്കൊപ്പം മാലകളുടെ പൊതിയും കാണും. ഇന്നുമുണ്ട് പഴയകാലത്തെ മാലകള്‍.
ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് മാലകള്‍ വാങ്ങുന്നവരില്‍ കൂടുതലും. മാലവാങ്ങുന്ന മലയാളികള്‍ കുറഞ്ഞുതുടങ്ങി. തൊട്ടടുത്തുള്ള കടകളില്‍ വിവിധ ആഭരണങ്ങള്‍ നിരക്കുമ്പോള്‍ ഒരുവര്‍ഷത്തെ കാത്തിരിപ്പ് വേണ്ടല്ലോ?