k-radhakrishnan-sabarimala

മണ്ഡലമാസം പിറന്നതോടെ ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹം. ദേവസ്വം മന്ത്രി സന്നിധാനത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. കാനനപാതയും ഭക്തര്‍ക്കായി തുറന്നു. ഇതരസംസ്ഥാനതീര്‍ഥാടകര്‍ക്ക് കൂടൂതല്‍ സൗകര്യം ഒരുക്കുമെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും പറഞ്ഞു.

വൃശ്ചിക പുലരിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കാണ് നടതുറക്കൽ . ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. പിന്നീട് വീണ്ടും ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് നടതുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും. പുലർച്ചെ മൂന്നര മുതൽ 7 മണി വരെയും ഏഴര മുതൽ 11 മണി വരെയും ആണ് നെയ്യഭിഷേകം. അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മല കയറിയ തീർഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴുതാണ് മല ഇറങ്ങിയത്. 

 

ദിവസം 85000 തീര്‍ഥാടകര്‍ക്കാണ് ബുക്ക് ചെയ്യാന്‍ കഴിയുക. പമ്പയിലും നിലയ്ക്കലിലും സ്പോട്ട് ബുക്കിങ് സംവിധാനവും ഉണ്ട്. ഇതരസംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകരാണ് ഏറെയും. പന്ത്രണ്ട് വിളക്കിന്  ശേഷമാകും കൂടുതല്‍ മലയാളികള്‍ എത്തുക. കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തി. ഇന്നലെ സന്നിധാനത്തെത്തിയ മന്ത്രി വൃശ്ചികപ്പുലരിയില്‍ അയ്യപ്പനെ തൊഴുതാണ് മല ഇറങ്ങിയത്.

 

തീര്‍ഥാടകര്‍ പരമ്പരാഗതമായി തുടരുന്ന വ്രതാനുഷ്ഠാനങ്ങള്‍ തുടരുന്നതിനൊപ്പം തന്നെ ഇല്ലാത്ത ആചാരങ്ങള്‍ കണ്ടെത്തരുതെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്. മാളികപ്പുറത്തെ തേങ്ങയുരുട്ടലും ശ്രീകോവിലിനു  മുകളില്‍ വസ്ത്രം എറിയുന്നതുമൊക്കെ ഇത്തരം കാര്യങ്ങളെന്നും തന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

 

Pilgrims flock to Sabarimala; Devaswom minister visited Sannidhanam and assessed the preparations