ചരിത്രത്തിനൊപ്പം നടക്കുന്ന രാജസ്ഥാന്‍; കനത്ത പോരാട്ടത്തില്‍ അല്‍ഭുതം വേണ്ട

അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന പതിവില്‍ നിന്ന് വ്യതിചലിക്കുന്നതിന്റെ സൂചനകളൊന്നും നല്‍കാതെ രാജസ്ഥാന്‍. കഴിഞ്ഞ വര്‍ഷം തോറ്റ ബിജെപിക്ക് തന്നെയാണ് ഇത്തവണ ലീഡ്. കോണ്‍ഗ്രസ് നല്ല പോരാട്ടം കാഴ്ചവയ്ക്കുന്നതും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. എക്സിറ്റ് പോളുകള്‍ ബിജെപിക്ക് വലിയ വിജയം പ്രവചിച്ചെങ്കിലും ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിന്റെ പരിസരത്ത് കറങ്ങിക്കളിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തില്‍ നിന്ന് അകലെയാണെങ്കിലും മറ്റ് കക്ഷികളും സ്വതന്ത്രരും ബിജെപിക്ക് തലവേദനയായേക്കും. അതും ചരിത്രത്തിന്റെ ആവര്‍ത്തനം. 

1952 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 1990 വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇക്കാലയളവിനിടയില്‍ ഒരപവാദമെന്നോണം 1977 ല്‍ മാത്രമാണ് കോണ്‍ഗ്രസിതര സര്‍ക്കാര്‍ ഭരണത്തിലെത്തിയത് . 1990 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരം പിടിച്ചുവെങ്കിലും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന്  രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1993 ല്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ച് ഭരിച്ചു. പിന്നീടിങ്ങോട്ട് രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ഉണ്ടായിട്ടേയില്ല. 

ചരിത്രം ബിജെപിക്കൊപ്പം

ഭരിക്കുന്ന പാര്‍ട്ടിയെ അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി രാജസ്ഥാനിലെ വോട്ടര്‍മാര്‍ തയാറായിട്ടില്ല. 2018ലെ തോല്‍വിയെക്കുറിച്ച് ഇനി ചിന്തിക്കേണ്ട കാര്യമില്ലെന്നും മോദി തരംഗം വോട്ട് കൊണ്ടുവരുമെന്നും ബിജെപി പറയുന്നു. വോട്ട് വിഹിതത്തിലെ ഏറ്റക്കുറച്ചില്‍ നോക്കിയാല്‍ രസകരമായ ചിത്രം ലഭിക്കും. കടലിലെ തിരമാല പോലെയാണ് ആ ഗ്രാഫ്. 1993 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 38.6 ശതമാനവും കോണ്‍ഗ്രസിന് 38.27 ശതമാനവും. അവിടെ നിന്ന് 1998ലെത്തുമ്പോള്‍ കോണ്‍ഗ്രസിന് 45 ശതമാനം. ബിജെപിക്ക് വന്‍ തോല്‍വി. 33.23 ശതമാനം. തൊട്ടടുത്ത രണ്ട് തിര‍ഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം ചെറുതായിരുന്നു. ബിജെപിക്ക് 39.2 ശതമാനവും കോണ്‍ഗ്രസിന് 35.65 ശതമാനവും. 2008ല്‍ ഇതിലും ചെറിയ വ്യത്യാസമേ ഉണ്ടായുള്ളുവെങ്കിലും 36.82 ശതമാനം വോട്ടോടെ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ബിജെപിക്ക് ലഭിച്ചത് 34.27 ശതമാനം. അവിടെ നിന്ന് 2013ലെത്തുമ്പോള്‍ 1998ലെ വന്‍ വ്യത്യാസം തിരിച്ചുവന്നു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബിജെപിക്ക് 45.17, കോണ്‍ഗ്രസിന് 33.07 എന്നിങ്ങനെയായിരുന്നു വോട്ട് വിഹിതം. 2018 ല്‍ വീണ്ടും ഇഞ്ചോടിഞ്ച് മല്‍സരത്തില്‍ കോണ്‍ഗ്രസ് നേരിയ വ്യത്യാസത്തില്‍ ഭരണം തിരിച്ചുപിടിച്ചു. വോട്ട് വിഹിതം 39.8. ബിജെപിയുടേത് 38.77ഉം. ചരിത്രം ആവര്‍ത്തിച്ചാല്‍ ഇക്കുറി കനത്ത മല്‍സരമായിരുന്നു വരേണ്ടിയിരുന്നത്. അതുതന്നെ സംഭവിച്ചു.

സ്വതന്ത്രര്‍ വോട്ട് വാരിക്കൂട്ടുന്നതാണ് രാജസ്ഥാനില്‍ പ്രധാനപാര്‍ട്ടികളെ വലയ്ക്കുന്ന ഒരു പ്രത്യേകത. 1993ല്‍ സ്വതന്ത്രര്‍ 12.9 ശതമാനം വോട്ട് നേടിയപ്പോള്‍ 1998ല്‍ അത് 14.4 ശതമാനമായി. 2008ല്‍ 15 ശതമാനം വോട്ടും സ്വതന്ത്രര്‍ക്കായിരുന്നു. 9.6 ശതമാനമാണ് കഴിഞ്ഞ തിര​ഞ്ഞെടുപ്പിലെ കണക്ക്. ഇക്കുറിയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലഭിക്കുന്ന വ്യക്തമായ സൂചന സ്വതന്ത്രരും മറ്റ് കക്ഷികളും നിര്‍ണായകമാകും എന്നുതന്നെയാണ്. 

Histroy repeats in Rajasthan. BJP leads and Congress trails. Here's the 3 decade history of Rajasthan elections