five-state-final-8451
  • അഞ്ച് സംസ്ഥാനങ്ങളിലെ പ്രീ–പോള്‍ സര്‍വേ ഫലം
  • മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്
  • രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചുവരവ്
  • തെലങ്കാനയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ
  • മിസോറമില്‍ തൂക്കുസഭ

 

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും തിരിച്ചുവരവ് പ്രവചിച്ച് മനോരമന്യൂസ്–വി.എം.ആര്‍ അഭിപ്രായ വോട്ടെടുപ്പ് ഫലം. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസും ബിആര്‍എസും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മിസോറമില്‍ തൂക്കുസഭ വരുമെന്നും അഭിപ്രായ സര്‍വേ പറയുന്നു.

മധ്യപ്രദേശില്‍ 2018ല്‍ ജയിച്ചിട്ടും ഇടയ്ക്കുവച്ച് നഷ്ടപ്പെടുത്തിയ ഭരണം കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നാണ് പ്രവചനം ആകെയുള്ള 230 സീറ്റില്‍ 125 സീറ്റ് വരെ നേടി കോണ്‍ഗ്രസ് ഭരണംപിടിച്ചേക്കും. ബി.ജെ.പി 100 സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റ് വരെയും പ്രവചിക്കുന്നു.

തെലങ്കാനയിലാണ് ഏറ്റവും വലിയ പോരാട്ടം. ബി.ആര്‍.എസിന് വന്‍ തിരിച്ചടി നേരിടുമെങ്കിലും കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 55 സീറ്റുവരെ നേടാം. 40 സീറ്റുകള്‍ വരെ കുറയുമെങ്കിലും 49 സീറ്റുമായി ബി.ആര്‍.എസ് തൊട്ടുപുറകിലുണ്ട്.  ബി.ജെ.പി, എഐഎംഐഎം എന്നിവരുടെ പ്രകടനം നിര്‍ണായകമാകും.

രാജസ്ഥാനില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണകക്ഷി മാറുന്ന ചരിത്രം ഇക്കുറിയും തുടരാനാണ് സാധ്യതയെന്ന് സര്‍വേ. ബിജെപിക്ക് വലിയ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. ആകെയുള്ള 200 സീറ്റില്‍ ബിജെപി 114 സീറ്റുവരെ നേടുമെന്നാണ് സര്‍വേ ഫലം. 30 സീറ്റുകള്‍ കുറഞ്ഞ് കോണ്‍ഗ്രസ്  71ലെത്തും. സ്വതന്ത്രര്‍ 7, മറ്റുകക്ഷികള്‍ 7, ബിഎസ്പി 1

ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ അഭിപ്രായസര്‍വേ പ്രവചനം. 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 53 മുതല്‍ 58 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ബിജെപിക്ക് 23 മുതല്‍ 34 വരെ. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ ഏഴുസീറ്റ് വരെ ലഭിച്ചേക്കാം. അന്തിമഫലം: കോണ്‍ഗ്രസ് 56, ബിജെപി 30, മറ്റുള്ളവര്‍ 4

മിസോറമില്‍ അനിശ്ചിതത്വമാണ് മനോരമ ന്യൂസ്–വി.എം.ആര്‍ അഭിപ്രായസര്‍വേ പ്രവചിക്കുന്നത്. മുഖ്യകക്ഷികളായ കോണ്‍ഗ്രസ്, എം.എന്‍.എഫ്, സെഡ്.പി.എം എന്നിവര്‍ ഒപ്പത്തിനൊപ്പമാണ്. കോണ്‍ഗ്രസ്, ZPM എന്നിവര്‍ നില മെച്ചപ്പെടുത്തുമ്പോള്‍ ഭരണകക്ഷിയായ എം.എന്‍.എഫിന് തിരിച്ചടിയാണ്.

ഒരുമലയാളം ന്യൂസ് ചാനല്‍ സംസ്ഥാനത്തിന് പുറത്ത് സംഘടിപ്പിച്ച ഏറ്റവും വിപുലമായ സര്‍വേയുടെ ഫലമാണ് പുറത്തുവിട്ടത്. ഒന്നിടവിട്ടുള്ള മണ്ഡലങ്ങളിലെ സാംപിളുകള്‍  ഉള്‍പ്പെടുത്തി ഓട്ടോമേറ്റഡ് ഫോര്‍കാസ്റ്റിങ് മാതൃകയില്‍ ആയിരുന്നു  മനോരമ ന്യൂസ്–വി.എം.ആര്‍ സര്‍വേ.

 

Manorama News-VMR Opinion Poll Predicts Big Gains For Congress In Madhya Pradesh, Chhattisgarh and Telengana. BJP to return to power in Rajasthan. Tough fight in Mizoram.