lastnightwb

പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും സെന്റ്ജോര്‍ജ് കത്തിഡ്രലിലും കെപിസിസി ആസ്ഥാനത്തും ജനക്കൂട്ടത്തെ കണ്ണീരണിയിച്ച് ഒസി മടങ്ങി. ഓടി നടന്ന്, കണ്ട ജനക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവ് അതേ ജനക്കൂട്ടത്തെ കണ്ണീരണിയിപ്പിച്ചാണ് തലസ്ഥാനത്ത് നിന്നും മടങ്ങുന്നത്. ജീവനും ശ്വാസവുമായ പുതുപ്പള്ളിയിലേക്കാണ് ഇനി യാത്ര. സ്വന്തം നേതാവിന്റെ വിയോഗമറിഞ്ഞയുടന്‍ നാടൊന്നടങ്കം തേങ്ങി കരയുകയാണ്. ജീവിതത്തിന്റെ ഭാഗമായിരുന്ന ,പുതുപ്പള്ളിക്കാരുടെ കുടുംബാംഗമായ പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് പുതുപ്പള്ളി. ഭൗതികദേഹം അഞ്ചുമണിയോടെ തിരുനക്കര മൈതാനത്തെത്തിക്കുക എന്നാണ് ഇപ്പോള്‍ കരുതുന്നത്. എംസി റോഡിലെല്ലാം ഗതാഗത നിയന്ത്രണങ്ങളുണ്ട്. കോട്ടയത്തെ എല്ലാ സ്കൂളുകള്‍ക്കും ഉച്ചക്കു ശേഷം അവധി നല്‍കിയിട്ടുണ്ട്. 

ഒരു ജനസാഗരമായിരുന്നു പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയെ അവസാനമായൊന്നു കാണാനായി തലസ്ഥാനത്തെത്തിയത്.  ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, ആദ്യ ഫോണ്‍കോളില്‍ തന്നെ നേതാവിനെ കിട്ടും എന്നാലിപ്പോള്‍ ഒന്നു കാണാന്‍ പോലുമാവുന്നില്ലല്ലോ എന്നു പരിതപിച്ചവരും തൊണ്ടയിടറി സങ്കടം അടക്കാന്‍ ശ്രമിച്ചവരും അലമുറയിട്ടു കരഞ്ഞവരും നിരവധി.  തിക്കും തിരക്കും ഒരു ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ പോലുമാവാത്ത സാഹചര്യമായിരുന്നു പൊലിസിന്. ദര്‍ബാര്‍ ഹാളിലും പുതുപ്പള്ളി ഹൗസിലും ഉമ്മന്‍ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങളായിരുന്നു. കെപിസിസി ആസ്ഥാനത്തും ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.