kpccwqb

ഒരു ജനസാഗരമായിരുന്നു പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയെ അവസാനമായൊന്നു കാണാനായി തലസ്ഥാനത്തെത്തിയത്.  ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, ആദ്യ ഫോണ്‍കോളില്‍ തന്നെ നേതാവിനെ കിട്ടും എന്നാലിപ്പോള്‍ ഒന്നു കാണാന്‍ പോലുമാവുന്നില്ലല്ലോ എന്നു പരിതപിച്ചവരും തൊണ്ടയിടറി സങ്കടം അടക്കാന്‍ ശ്രമിച്ചവരും അലമുറയിട്ടു കരഞ്ഞവരും നിരവധി.  തിക്കും തിരക്കും ഒരു ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ പോലുമാവാത്ത സാഹചര്യമായിരുന്നു പൊലിസിന്. ദര്‍ബാര്‍ ഹാളിലും പുതുപ്പള്ളി ഹൗസിലും ഉമ്മന്‍ചാണ്ടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങളായിരുന്നു. കെപിസിസി ആസ്ഥാനത്തും ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം കണ്ട് എ കെ ആന്റണിയും വിഎം സുധീരനും പൊട്ടിക്കരയുകയായിരുന്നു.പന്ത്രണ്ടരയോടെയാണ് കെപിസിസി ആസ്ഥാനത്തെ പൊതുദര്‍ശനം സമാപിച്ചത്. 

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകരും അണികളും പുതുപ്പള്ളി ഹൗസിനു ചുറ്റും തിങ്ങിനിറഞ്ഞു നില്‍ക്കുകയാണിപ്പോഴും. ഈ നേരത്തും സമീപപ്രദേശങ്ങളിലെല്ലാം കാണാനാകുന്നത് വലിയ ജനക്കൂട്ടമാണ്. ഏഴുമണിയോടെ എംസി റോഡ് വഴി വിലാപയാത്ര കോട്ടയത്തേക്ക് തിരിക്കും. പ്രത്യേകമായി അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലാണ് വിലാപയാത്ര. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു ശേഷം ഭൗതികദേഹം പുതുപ്പള്ളിയിലേക്ക്കൊണ്ടു പോകും.