lastjourney

ജനനായകന്‍ ജനസാഗരങ്ങളുടെ പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി അവസാനമായി പുതുപ്പള്ളിയിലേക്ക് അല്‍പസമയത്തിനകം യാത്രയാവും. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് മടങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് പറയാതെ പറയും വിധമാണ് ജനസഞ്ചയം തിരുവനന്തപുരത്തേക്ക് ഇന്നലെയും ഇന്നുമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.   വൈകിട്ടെങ്കിലും തിരുനക്കരയില്‍ വിലാപയാത്രയെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

പുതുപ്പള്ളി ഹൗസില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് അവസാനയാത്രയെത്താന്‍ എത്ര സമയമെടുത്തേക്കും എന്ന് പറയാനാവാത്തവിധമാണ് ജനം യാത്രാമൊഴിയേകാന്‍ ഇരമ്പിയെത്തുന്നത്. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നാണ് കോട്ടയത്തേക്ക് പുറപ്പെടുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴിയാണ്  കോട്ടയത്തെത്തുന്നത്.

കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയ്ക്കുള്ള വാഹനം കെഎസ്ആർടിസി തയാറാക്കി. പാപ്പനംകോട് ഡിപ്പോ സെൻട്രൽ വർക്ക്സിലെ JN 336 എന്ന എസി ലോ ഫ്ലോർ ജൻറം ബസാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ബസാണ് ഇത്. വഴിയിലുടനീളം ജനക്കൂട്ടം പ്രിയനേതാവിനെ കാത്തിരിക്കുന്നു.  വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് അവസാനമായി കയറിചെല്ലും.