പുതുപ്പള്ളി ഹൗസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ  അവസാന ജനസമ്പര്‍ക്കയാത്ര പുറപ്പെട്ടു കഴിഞ്ഞു.ഏറെ വൈകിയെ തിരുനക്കരയെത്തുകയെന്ന് വ്യക്തം.അത്ര ജനസാഗരം വഴിയിലുടനീളം കാത്തിരിക്കുന്നു.അതില്‍ രാഷ്ട്രീയ എതിരാളികളുണ്ട്.പ്രവര്‍ത്തകരുണ്ട്.സാധാരണക്കാരില്‍ സാധാരണക്കാരുണ്ട്. അകലങ്ങളിലിരുന്ന് മനസുകൊണ്ട് ഒപ്പം നടക്കുന്നവര്‍ പോലുമുണ്ട്.ചേതനയറ്റ് ശാന്തമായി അദേഹം കടന്നുപോകുമ്പോള്‍ അടരുവാന്‍ മടിച്ച് ജനക്കൂട്ടം ഒപ്പം നടക്കുന്നു.ജനിച്ചാല്‍ മരണവും ഉറപ്പെങ്കിലും  പുതുപ്പള്ളിവരെ കണ്ണീര്‍പ്പാതയൊരുക്കുന്ന ഒരു ആള്‍ക്കൂട്ടത്തെ സ്വന്തമാക്കിയാണ് ആ മടക്കമെന്നത് ജനഹൃദയങ്ങളിലെ ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ലോകത്തിന് മുന്നില്‍ തന്നെ ഒന്നുകൂടി വെളിപ്പെടുന്നു

 

മേല്‍വിലാസമുള്ള നേതാക്കളേയും പൊതുപ്രവര്‍ത്തകരേയും  സാംസ്കാരികപ്രവര്‍ത്തകരേയും തള്ളിമാറ്റി ഒഴുകിയെത്തുന്ന സാധാരണ ജനത്തിന് നടുവിലൂടെ ആ അന്ത്യയാത്ര പുരോഗമിക്കുകയാണ്. വഴിയരുകില്‍ കാത്തുനിന്ന് ബിജെപി മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലുള്‍പ്പെടെ അദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കുന്ന കാഴ്ച. CITU പ്രവര്‍ത്തകരുള്‍പ്പെടെ രാഷ്ട്രീയം മറന്ന് അഭിവാദ്യം ചെയ്യുന്നു. ആദരമര്‍പ്പിക്കുന്നു. അത്ര ജനകീനയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി.

 

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.എംസി റോഡ് വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. വിവിധ ജംക്‌ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ അൽപസമയം നിർത്തും.