kottayamcityoommenchandy-20

രാത്രിയെ പകലാക്കി ജനസാഗരം നല്‍കിയ അന്തിമോപചാരങ്ങളുമായി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം നഗരത്തിലെത്തി. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട് 27 മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വന്തം തട്ടകത്തിലേക്ക് ഉമ്മന്‍ചാണ്ടി അവസാനമായി എത്തുന്നത്. സമയക്രമം തെറ്റിയതിനെ തുടര്‍ന്ന് കോട്ടയം ഡി.സി.സിയിലെ പൊതുദര്‍ശനം പത്തുമിനിറ്റായി ചുരുക്കിയിരുന്നു. തിരുനക്കര മൈതാനിയിലെ പൊതുദര്‍ശത്തിന്  ശേഷം മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ട് പോകും. കണ്ണീരോടെയാണ് പ്രിയപ്പെട്ട നേതാവിനെ അവസാനമായി യാത്രയാക്കാന്‍ ജനലക്ഷങ്ങളെത്തിയത്. മമ്മൂട്ടിയും സുരേഷ്ഗോപിയുമടക്കമുള്ള പ്രമുഖര്‍ തിരുനക്കരയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. സംസ്കാര ചടങ്ങുകളില്‍ പങ്കുചേരുന്നതിനായി രാഹുല്‍ഗാന്ധി കൊച്ചിയിലെത്തി. ഉച്ചയോടെ അദ്ദേഹം പുതുപ്പള്ളിയിലേക്ക് യാത്രതിരിക്കും. 

 

ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നരവരെ പുതുപ്പള്ളി പള്ളിയില്‍ പൊതുദര്‍ശനം. മൂന്നരയ്ക്ക് സംസ്കാരശുശ്രൂഷ ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം മനോരമന്യൂസിനോട് അറിയിച്ചു. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിയോഗം. അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. ബെംഗളുരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തിച്ച മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി സ്വദേശമായ പുതുപ്പള്ളിയിലേക്ക് കൊണ്ടുവരികയാണ്. 

 

 

Oommen Chandy's funeral procession reaches kottayam city