ocprocessionperunna-20

കടന്നുവരുന്ന നിരത്തുകളെ കണ്ണീര്‍ക്കടലാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. രാവിലെ 5.55 ഓടെയാണ് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നിലെത്തിയത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങനാശേരി ടൗണിലേക്ക് പ്രവേശിക്കുന്ന വിലാപയാത്ര ഇനി ഉമ്മന്‍ചാണ്ടി പഠിച്ച എസ്.ബി കോളജിലും, പിന്നീട് കുറിച്ചി, ചിങ്ങവനം, നാട്ടകം, കോടിമത എന്നിവിടങ്ങളില്‍ കാത്തു നില്‍ക്കുന്ന ജനങ്ങളില്‍ നിന്നും അന്ത്യാഞ്ജലി ഏറ്റുവാങ്ങി കോട്ടയം നഗരത്തിലേക്ക് പ്രവശിക്കും. ഉറക്കമൊഴിഞ്ഞ് മെഴുതിരികള്‍ തെളിയിച്ച് മണിക്കൂറുകളാണ് ജനക്കൂട്ടം പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്. ഒരു പിടി പൂക്കള്‍ അര്‍പ്പിച്ച് മടങ്ങുകയാണ് ലക്ഷ്യമെന്ന് ജനങ്ങള്‍ പറയുന്നു. രാത്രി 61 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ പത്ത് മണിക്കൂറാണ് വേണ്ടി വന്നത്. ചങ്ങനാശേരിയില്‍ നിന്നും വിലാപയാത്രയായി തിരുനക്കര മൈതാനത്തെത്തിക്കും. 

തിരുനക്കരയിലെ പൊതു ദര്‍ശനത്തിനുശേഷം ഭൗതിക ശരീരം പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം സംസ്കാരം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി. സംസ്കാരച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

 

തലസ്ഥാനത്തിന്റെ അളവറ്റ ആദരവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര ജഗതിയിലെ വീട്ടില്‍നിന്നാരംഭിച്ച് നഗര വീഥികള്‍ പിന്നിട്ടത്. 53 വര്‍ഷം സാമാജികനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം നിയമസഭക്ക് മുന്നിലെത്തിയപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരുള്‍പ്പെടെ സല്യൂട്ട് ചെയ്ത് ആദരം രേഖപ്പെടുത്തി.കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും ഭൗതികശരീരം വഹിക്കുന്ന കെ.എസ്.ആര്‍.ടിസി ബസ്സില്‍ ഒപ്പമുണ്ട്.ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിൻമയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു.

 

Oommen Chandy's funeral procession reached  Changanassery