oommen-chandy-last-journey-

പുതുപ്പള്ളി ഹൗസില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ അവസാന ജനസമ്പര്‍ക്ക യാത്ര. എംസി റോഡ് വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. വിവിധ ജംക്‌ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്നു പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളജ് എന്നിവയുടെ മുന്നിൽ അടക്കം അന്തിമോപചാരം അർപ്പിക്കാൻ വിലാപയാത്രാവാഹനം അൽപസമയം നിർത്തും. വൈകിട്ട് 6നു കോട്ടയം ഡിസിസി ഓഫിസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഉണ്ടാകുമെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. 6.30നു തിരുനക്കര മൈതാനത്തേക്കു വിലാപയാത്ര. തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടാകും.10നു പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. കഞ്ഞിക്കുഴി, മാങ്ങാനം, മന്ദിരം കവല വഴിയാണു വിലാപയാത്ര. ആദ്യം കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും. തുടർന്നു പുതിയതായി പണിയുന്ന വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിക്കു സംസ്കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. ജനത്തിരക്കു മൂലം നിശ്ചയിച്ച സമയത്തെക്കാൾ ഏറെ വൈകാനാണു സാധ്യതയെന്നു നേതാക്കൾ പറയുന്നു.

 പൊതുദർശനത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു.

Oommen Chandy last journey to Puthupally