കാര്‍ട്ടൂണിസ്റ്റുകള്‍ ഏറെ ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കാരിക്കേച്ചറുകള്‍ക്ക് അനായാസം വഴങ്ങുന്ന നേതാവ്. ഉമ്മന്‍ ചാണ്ടിയുടെ മുടി മുതല്‍ കുപ്പായം വരെ വരക്കാര്‍ക്ക് വിഷയമായിരുന്നു
ചീകിയൊതുക്കാതെ പലവഴിക്കായി കിടക്കുന്ന മുടി. നീണ്ട കൃതാവ്, കീറിത്തയിച്ച ഷര്‍ട്ട്, നീളമുള്ള മൂക്ക്, കട്ടി മീശ, കീറിയ ഷര്‍ട്ട്. ഇത്രയും വരച്ചാല്‍ അത് ഉമ്മന്‍ ചാണ്ടി ആയി. ഓരോ കാര്‍ട്ടൂണിസിസറ്റുകളുടെയും ഉമ്മന്‍ ചാണ്ടിക്ക് ഓരോ രൂപമായിരുന്നു. മുഖത്തിന്‍റെയും ശരീരത്തിന്‍റെയും വലിപ്പം ഓരോരുത്തരം പല തരത്തില്‍ വരക്കുമെങ്കിലും കണ്ടം വച്ചതുപോലെയുള്ള ഖദറുടുപ്പ് എല്ലാവരും ഒരുപോലെ വരച്ചു. കാരണം ഉമ്മന്‍ ചാണ്ടിയുടെ ഹൈലറ്റ് ആ കീറിയ ഉടുപ്പായിരുന്നു. പുതിയ ഷര്‍ട്ട് വാങ്ങിയാല്‍ അത് ഉമ്മന്‍ ചാണ്ടി കീറി തയ്ക്കും എന്നുവരെ അരോപണമുണ്ട്. കാര്‍ട്ടൂണിസ്റ്റുകളോട് വല്ലാത്തൊരു ഇഷ്ടം ഉമ്മന്‍ ചാണ്ടിക്കും ഉണ്ടായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം അവരോട് സംവദിക്കും. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. മിക്കവര്‍ക്കും ചോദിക്കാനുള്ളത് ആള്‍ക്കൂട്ടത്തിലെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുതന്നെ. പ്രത്യേകിച്ച് കാറില്‍ ഒപ്പമുള്ള അണികളുടെ കൂട്ടത്തെക്കുറിച്ച്.
തന്‍റെ മുഖം കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചു കഴിഞ്ഞാല്‍ ആ പടം നോക്കി ആ കാര്‍ട്ടൂണിനേക്കാള്‍ സുന്ദരമായി ചിരിക്കുമായിരുന്നു ഉമ്മന്‍ ചാണ്ടി. പഴയ കെഎസ്‍യു കാലത്താണ് കീറിയ ഷര്‍ട്ട് ഉമ്മന്‍ ചാണ്ടിയുടെ കൂടെക്കൂടിയത്. ആകെയുള്ള രണ്ട് ജോഡി ഉപയോഗിച്ച് പഴകി. മറ്റുള്ളവരോട് ഷര്‍ട്ട് വാങ്ങിയിടുന്നതായിരുന്നു ശീലം. പക്ഷേ ഒരു അപകടമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ഷര്‍ട്ട് കൊടുത്താന്‍ തിരികെ കിട്ടില്ല. കാരണം അത് മറ്റാരെങ്കിലും അവിടെനിന്നു കൊണ്ടുപോകും. അതിനാല്‍ പലരും പഴയ കീറിത്തയിച്ച ഷര്‍ട്ടായിരുന്നുവത്രേ കൊടുത്തിരുന്നത്. സത്യം എന്തായാലും കീറിയ ഉടുപ്പ് ഒരു തിരിച്ചറിയല്‍ രേഖപോലെ ഉമ്മന്‍ ചാണ്ടിയുടെ ദേഹത്ത് തലയെടുപ്പോടെ നിന്നു.