ജനങ്ങള്‍ക്കിടയില്‍ നിന്ന് അക്ഷീണം പ്രവര്‍ത്തിച്ച് ജനക്ഷേമ തീരുമാനങ്ങളെടുത്ത ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിന്‍റെ സമഗ്ര വികസനത്തിന് മുന്‍ഗണന നല്‍കിയപ്പോഴും ക്ഷേമപ്രവര്‍ത്തനങ്ങളായിരുന്നു ഉമ്മന്‍ചാണ്ടി എന്ന ഭരണാധികാരിയുടെ മുഖമുദ്ര. തൊഴിലില്ലായ്മ വേതനം മുതല്‍ ജനസമ്പര്‍ക്കം വരെ കേരളത്തിന്‍റെ ഭരണത്തിന്‍റെ സ്വഭാവവും ഗതിയും നിര്‍ണയിച്ചു ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളുടെ തുടക്കം കുറിച്ചതും ഉമ്മന്‍ചാണ്ടിയാണ്.
ജനങ്ങള്‍ക്ക് നടുവില്‍ നിന്നു, ജനങ്ങളെ കേട്ടു, അവരുടെ ആവലാതികളും ആവശ്യങ്ങളും നേരിട്ടറിഞ്ഞു, അതാണ് ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരി. തീരുമാനങ്ങളെപ്പോഴും ജനപക്ഷത്തു നിന്നായിരുന്നു. തൊഴിലില്ലായ്മ വേതനമെന്ന തീരുമാനം നടപ്പാക്കി ചരിത്രം സൃഷ്ടിച്ചുകൊണ്ട് തുടങ്ങിയ ഭരണകാണ്ഡം ജനമ്പര്‍ക്കപരിപാടിയിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും വളര്‍ന്നു. എന്നും ദുരിതമനുഭവിക്കുന്നവരുടെ സങ്കടം അകറ്റുന്നതിന് മുന്‍ഗണന നല്‍കി ഉമ്മന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആവശ്യക്കാര്‍ക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതു മുതല്‍ അതിദരിദ്രരെ കൈപിടിച്ചുയര്‍ത്തുന്നതില്‍വരെ ശ്രദ്ധപുലര്‍ത്തി. ശ്രവണ പരിമിതിയുള്ള കുട്ടികള്‍ക്കായി നടപ്പാക്കിയ കോക്്ളിയര്‍ഇംപ്്ളാന്‍റ് പദ്ധതി ഉമ്മന്‍ചാണ്ടിയുടെ കരുതലിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്.
വികസനത്തിന് ഊര്‍ജവും ഗതിവേഗവും പകര്‍ന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. അതിവേഗം ബഹുദൂരമെന്നതായിരുന്നു മുദ്രാവാക്യം. കണ്ണൂര്‍വിമാനത്താവളം, കൊച്ചിമെട്രോ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ വന്‍കിട വികസന പദ്ധതികളുടെ അമരക്കാരനും തുടക്കക്കാരനുമായി മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സംവിധാനത്തെയും മികച്ച രീതിയില്‍ മുന്നില്‍ നിന്ന് നയിച്ചു. കെ.കരുണാകരന്‍റെ സ്പീഡ്, എ.കെ.ആന്‍റണിയുടെ ആദര്‍ശം ഇവ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിയില്‍ സമ്മേളിച്ചു. കാരുണ്യവും കരുതലും അദ്ദേഹത്തിന്‍റെ കൈയ്യൊപ്പായി.
ആയിരങ്ങളെ കണ്ടും കേട്ടും രാത്രിയും പകലുമില്ലാതെ അക്ഷരാര്‍ഥത്തില്‍ ഒരേനില്‍പ്പില്‍ നിന്നു പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ഐക്യരാഷ്ട്രസഭയുടെ പ്രശംസയും നേടി. സുതാര്യതയുടെ വേറിട്ട അനുഭവമായിരുന്നു മുഖ്യമന്ത്രിയുടെ ഒാഫീസിലെ ലൈവ് വെബ്കാസ്റ്റിംങ്. എപ്പോഴും ഒാഫീസും വീടും ഒൗദ്യോഗികവസതിയും എല്ലാവര്‍ക്കുമായി തുറന്നിട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. സമയവും ബുദ്ധിയും പരിശ്രമവും ഒന്നായി ജനങ്ങള്‍ക്കായി സമര്‍പ്പിച്ച എക്കാലത്തെയും മികച്ച ഭരണാധികാരികളിലൊരാളായി കേരളം ഉമ്മന്‍ചാണ്ടിയെന്ന സ്്നേഹസാന്നിധ്യത്തെ മനസ്സില്‍ ഏറ്റും.