തങ്ങളുടെ പ്രിയ ജനനായകനെ ഒരുനോക്ക് കാണാന്‍ എം.സി റോഡിന്റെ ഓരങ്ങളില്‍ ജനസാഗരം. ജനത്തെ നെഞ്ചിലേറ്റിയ നേതാവിനെ ജനം നെഞ്ചിലേറ്റുന്ന കാഴ്ചയാണ് എങ്ങും. വിലാപയാത്ര 10 കിലോമീറ്റര്‍ പിന്നിടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍. കെഎസ്‌ആർടിസിയുടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വിലാപയാത. നാലാഞ്ചിറയിൽ എത്തിയപ്പോൾ കനത്ത മഴ വകവയ്‌ക്കാതെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ജനമാണ് തിങ്ങിക്കൂടിയത്.

 

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. 'ഇല്ലാ ഇല്ലാ മരിക്കില്ലാ' എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 

 

Oommen Chandy last journey to Puthupally