ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ അവിടെ ഓടിയെത്തുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ.മുനീര്‍. പിതൃതുല്യനായ വ്യക്തിയുടെ വിയോഗമാണ് ഉണ്ടായിരിക്കുന്നത്. കുടുംബത്തില്‍ നിന്നാരോ നഷ്ടപ്പെട്ടത് പോലൊരു തോന്നലാണ് ഉണ്ടാവുന്നതെന്നും മുനീര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വലിയ പിന്തുണ എനിക്കുണ്ടായിട്ടുണ്ട്. പല ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണ വലിയ കാര്യമായിട്ടുണ്ടായിരുന്നു. ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടെങ്കില്‍ അദ്ദേഹം അവിടെ ഉണ്ടാവും. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ചുറ്റും ജനങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നത് കാണാമായിരുന്നു. ഓരോ മന്ത്രിസഭയിലും അദ്ദേഹം വരുന്നത് പാവപ്പെട്ട, ഏറ്റവും അടിത്തട്ടിലുള്ള ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശവുമായിട്ടായിരിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒന്ന് ഇരിക്കുക പോലും ചെയ്യാതെ ഭക്ഷണം പോലും കഴിക്കാതെ അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുകയായിരുന്നു എന്നും എം.കെ.മുനീര്‍ പറഞ്ഞു.