ജനനായകന്‍ വിട വാങ്ങി.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. ബെംഗളുരു ഇന്ദിരാനഗറില്‍ ടി.ജോണിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഉച്ചയ്ക്കുശേഷം ബെംഗളൂരുവില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസില്‍ കൊണ്ടുപോയശേഷം പൊതുദര്‍ശനത്തിനായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊണ്ടുവരും. പൊതുദര്‍ശനം കഴിഞ്ഞ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ഇന്ദിരാഭവനില്‍ എത്തിക്കും. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇവിടെ ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കും. രാത്രി പുതുപ്പള്ളി ഹൗസില്‍ വയ്ക്കുന്ന ഭൗതികശരീരം രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയം തിരുനക്കര മൈതാനത്താണ് പൊതുദര്‍ശനം. രാത്രിയോടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് അന്ത്യവിശ്രമം.