അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. െബംഗളുരു ഇന്ദിരാനഗറിലെ ടി.ജോണിന്റെ വസതിയിലെത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ അനുസ്മരിച്ചു. കേരളത്തിലെ പാര്‍ട്ടിയുടെ ആത്മാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും തികച്ചും ജനകീയനായിരുന്ന നേതാവായിരുന്നുവെന്നും രാഹുല്‍ഗാന്ധിയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ 4.25 ഓടെയാണ് ബെംഗളുരുവിലെ ചിന്‍മയ ആശുപത്രിയില്‍ വച്ച് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. ഇന്ദിരാനഗറിലെ ടി. ജോണിന്റെ വസതിയില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം ഉച്ചയോടെ പ്രത്യേകവിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസില്‍ കൊണ്ടുപോയശേഷം പൊതുദര്‍ശനത്തിനായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊണ്ടുവരും. പൊതുദര്‍ശനം കഴിഞ്ഞ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് ഇന്ദിരാഭവനില്‍ എത്തിക്കും. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇവിടെ ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കും. രാത്രി പുതുപ്പള്ളി ഹൗസില്‍ വയ്ക്കുന്ന ഭൗതികശരീരം രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയം തിരുനക്കര മൈതാനത്താണ് പൊതുദര്‍ശനം. രാത്രിയോടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് അന്ത്യവിശ്രമം.
Congress leaders on Oommen Chandy's demise