OommenchandyNiyamaSabha1907

ഉമ്മന്‍ ചാണ്ടി എന്ന് പേരുള്ള രണ്ടാമതൊരാളുണ്ടോ എന്ന ചോദ്യം സിനിമകളില്‍ വരെ ഡയലോഗായിട്ടുണ്ട്. ആ പേരില്‍ വേറെ ആളെ കണ്ടെത്താന്‍ തന്നെ പാടാണ്. ഉമ്മന്‍ ചാണ്ടിയുടെ ശൈലിയുള്ള മറ്റൊരാളെ കണ്ടെത്തല്‍ ആകട്ടെ അസാധ്യവുമാണ്. 

 

ഉമ്മന്‍ ചാണ്ടി സ്ഥലത്തുണ്ടോ എന്നൊരു ചോദ്യം  ആവശ്യമില്ല. സ്ഥലത്തുണ്ടെങ്കില്‍ ആ സ്ഥലം ഒരു ആള്‍ക്കൂട്ടമായിരിക്കും. ആരും അന്യരല്ലെന്നതാണ് ഓസിയുടെ തത്വം. ഔദ്യോഗിക പരിപാടികളിലും നിര്‍ണായക യോഗങ്ങളിലും ആളെത്രയായാലും സന്തോഷം. തുറന്നിട്ട വാതില്‍ എന്നാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്‍റെ പേര് തന്നെ. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ വാതില്‍ കടന്നൊരാള്‍ കസേര കൈയടക്കിയ കഥവരെയുണ്ട്. 

 

നാട്ടുകാരുടെ കാര്യം ശ്രദ്ധിച്ച് ശ്രദ്ധിച്ച് സ്വന്തം തലമുടി ചീകാന്‍ പോലും മറന്നു പോകുന്ന നേതാവ്. അതിന് കേട്ട കളിയാക്കലിന് കണക്കില്ല. ഓസി എപ്പോഴാണുറങ്ങുക എന്ന് അടുപ്പക്കാര്‍ക്കു വരെ സംശയമാണ്. ഉറങ്ങും പക്ഷേ അത് കട്ടിലില്‍ തന്നെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഉറങ്ങാത്തപ്പഴൊക്കെ ഓസി ഓണാണ്. ആഘോഷത്തിനും സന്തോഷത്തിനുമെല്ലാം കൂടെക്കൂടും. ആള്‍കൂട്ടമുണ്ടെങ്കില്‍ സമയം വൈകിയാലും നിന്നു കൊടുക്കാന്‍ സന്തോഷം. താനാരാണെന്ന് തനിക്കറിയില്ലെങ്കിലും താനാരല്ലെന്ന് നന്നായറിയുന്ന നേതാവ്.

 

കാര്‍ട്ടൂണിസ്റ്റുകളെപ്പോലെ മിമിക്രിക്കാര്‍ക്കും വേഗം പഠിച്ചെടുക്കാവുന്ന ശബ്ദവും ഭാവവും. വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യം ആവര്‍ത്തിപ്പിക്കുന്നത് കേള്‍ക്കാത്ത കൊണ്ടെന്നും അതല്ല ഉത്തരം കണ്ടെത്താന്‍ സമയമെടുക്കുന്നതാണെന്നും പക്ഷമുണ്ട്. ഉത്തരം മുട്ടിക്കുന്ന ചോദ്യം വന്നാല്‍ വേറെയുമുണ്ട് പല വഴികള്‍. കാറില്‍ കുറഞ്ഞത് ആറുപേരെങ്കിലും കൂടെക്കാണും. വേദികളില്‍ നിന്ന് വേദികളിലേക്ക്. പ്രവര്‍ത്തനമായിരുന്നു ഓസിക്ക് വിശ്രമം. വിരാമമാകുന്നത് പകരം വക്കാനില്ലാത്ത ശൈലിക്കു കൂടിയാണ്.