സോളർ സമരം കത്തി ജ്വലിച്ച കാലം.. പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ട നാളുകളിൽ ഒരു പരിപാടിയും സുരക്ഷ മുൻ നിർത്തി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ഉപേക്ഷിക്കാൻ മനസില്ലായിരുന്നു... അങ്ങനെയിരിക്കെ 2013 ഒക്ടോബർ 27നു വൈകിട്ട് 5.40നു കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടിയുടെ നേരെ സി പി എം പ്രവർത്തകർ കല്ല് എറിഞ്ഞു. കല്ലേറിൽ കാറിന്റെ ചില്ലു പൊട്ടി ഉമ്മൻ ചാണിയുടെ നെറ്റിക്കു പരുക്കേറ്റു. കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാന്നുള്ള പദ്ധതിയെന്നായിരുന്നു പൊലീസ് എഫ്ഐആറിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച്, അകമ്പടി പോയ പൊലീസ് വാഹനം തടയുകയും ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേൽപിച്ചെന്നുമാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. പക്ഷേ അവരോടും കേരളത്തിന്റെ കുഞ്ഞൂഞ്ഞ് ക്ഷമിക്കുന്നതിനാണ് കോടതി മുറി സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിനിടെ ഉണ്ടാകുന്ന സാധാരണ സംഭവമെന്ന രീതിയിൽ കേസിന്റെ വിചാരണ സമയത്ത് ഉമ്മൻ ചാണ്ടി നിലപാട് എടുത്തതാണ് പ്രതിസ്ഥാനത്തുണ്ടായിരുന്ന 107 സി.പി.എം പ്രവർത്തകരെയും വെറുതെ വിടാനുള്ള പ്രധാന കാരണം. പൊതു മുതൽ നശിപ്പിച്ചതിന് മൂന്ന് പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു.
കല്ലേറ് ഉണ്ടാകുന്ന ദിവസം ഉമ്മൻ ചാണ്ടി ധരിച്ചിരുന്ന ഒരു കീറിയ ഷർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ക്രോസ് വിസ്താരത്തിനിടെ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. ശശീന്ദ്രൻ ഉമ്മൻ ചാണ്ടിയോടു ചോദിച്ചു. ഷർട്ടിലെ കീറൽ സംഭവ സ്ഥലത്ത് ഉണ്ടായതാണോയെന്ന് ? അല്ലെന്നായിരുന്നു മറുപടി. മറ്റാരായിരുന്നെങ്കിലും അതെ എന്ന് മറുപടി പറയുമെന്നായിരുന്നു ശശീന്ദ്രൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. പിന്നീട് ഉമ്മൻ ചാണ്ടിയെ കല്ല് എറിഞ്ഞ സംഘത്തിലുണ്ടായിരുന്ന മുൻ സി പി എം ലോക്കൽ സെക്രട്ടറി സി ഒ ടി നസീർ ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് മാപ്പും പറഞ്ഞു. മാപ്പ് പറയണ്ടന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
പക്ഷേ കണ്ണൂരിന് ആ കല്ലേറ് എന്നും ഒരു വേദനയാണ്. മുറിവേറ്റ ഉമ്മൻ ചാണ്ടിയുടെ നെറ്റി നീറിയതിനെക്കാൾ വേദനയോടെ ഒരോ മനുഷ്യ സ്നേഹിയുടെയും നെഞ്ചിൽ ആ നീറ്റലുണ്ടാവാം. ജനാധിപത്യമാണ് ലോകത്ത് ഏറ്റവും വലിയ ശരിയെന്ന് വിശ്വസിച്ച ഒരു നേതാവിന്റെ ക്ഷമയുടെ നേർസാക്ഷ്യമായി കൂടി അവശേഷിക്കും കണ്ണൂരിലെ ആ കല്ലേറ്..!
CPM workers threw stones at Oommen Chandy at Kannur