ഇടുക്കിയില്‍ വന്‍ വോട്ട് ചോര്‍ച്ച; കോണ്‍ഗ്രസിന് അടിതെറ്റുമോ? മനോരമന്യൂസ് സര്‍വേ

dean kuriakose-12
SHARE

ഇടുക്കിയില്‍ യുഡിഎഫിന് 14 ശതമാനം വോട്ട് കുറയുമെന്ന് മനോരമന്യൂസ്-വി.എം.ആർ പ്രീ–പോള്‍ സർവേ. 2019ല്‍ 54.23 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇക്കുറി പ്രവചിക്കുന്ന വോട്ട് വിഹിതം 40.69 ശതമാനം. എല്‍ഡിഎഫ് വോട്ടില്‍ 1.34 ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ആകെ വിഹിതം 34.26 ശതമാനം. എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കുന്ന കാഴ്ചയും പ്രീ–പോള്‍ സര്‍വേയില്‍ കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8.56 ശതമാനമായിരുന്ന എന്‍ഡിഎ വോട്ട് ഇക്കുറി 9.95 ശതമാനം വര്‍ധിച്ച് 18.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. മറ്റുകക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ടിലും 5 ശതമാനത്തോളം വര്‍ധന പ്രതീക്ഷിക്കുന്നു.

idukki-vote-12

യുഡിഎഫിന് നഷ്ടപ്പെടാന്‍ സാധ്യതയുള്ള വോട്ടുകളില്‍ വലിയൊരുഭാഗം എന്‍ഡിഎയിലേക്ക് മാറുമെന്നാണ് സൂചന. ഇതില്‍ ഏറെയും ബിജെപിയോട് അടുക്കുന്ന ക്രിസ്ത്യന്‍ വോട്ടുകളാണെന്നാണ് അനുമാനം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ട് വര്‍ധന പ്രവചിക്കുന്ന സീറ്റുകളിലൊന്നാണ് ഇടുക്കി. 2014ല്‍ ലോക്സഭയിലേക്ക് ആദ്യം മല്‍സരിച്ചപ്പോള്‍ തന്നെ തോല്‍പ്പിച്ച ജോയ്സ് ജോര്‍ജിനെ കഴിഞ്ഞതവണ ഒന്നേമുക്കാല്‍ ലക്ഷം വോട്ടിന് തറപറ്റിച്ചാണ് ഡീന്‍ കുര്യാക്കോസ് ഇടുക്കി എംപിയായത്. ഡീന്‍ 4,98,493 വോട്ടും ജോയ്സ് ജോര്‍ജ് 3,27,440 വോട്ടും ബിഡെജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍ 78,648 വോട്ടും നേടി.

ഇക്കുറിയും ഡീന്‍ കുര്യാക്കോസും ജോയ്സ് ജോര്‍ജും തമ്മിലാണ് പ്രധാനപോരാട്ടം. ബിഡിജെഎസിലെ സംഗീത വിശ്വനാഥനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

UDF faces tough task in Idukki Loksabha constituency in 2024, says Manorama News-VMR Pe-poll Survey.

MORE IN Pre-poll Survey 2024
SHOW MORE