രാഹുല്‍ ഗാന്ധിക്ക് വോട്ട് കുറയും; എത്ര കുറയും? മനോരമന്യൂസ്–വിഎംആര്‍ സര്‍വേ ഫലം

rahul-gandhi-11
SHARE

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 2.14 ശതമാനം വോട്ട് കുറയും. എന്നാല്‍ കഴിഞ്ഞതവണത്തേതുപോലെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിന് രാഹുല്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് മനോരമന്യൂസ്–വി.എം.ആര്‍ പ്രീ–പോള്‍ സര്‍വേ ഫലം. 2019ല്‍ 64.67 ശതമാനം വോട്ട് നേടി വിജയിച്ച രാഹുലിന് ഇക്കുറി സര്‍വേ പ്രവചിക്കുന്ന വോട്ട് വിഹിതം 62.5 ശതമാനം. ബിഡിജെഎസില്‍ നിന്ന് മണ്ഡലം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ രംഗത്തിറക്കിയ ബിജെപി വോട്ട് വര്‍ധിപ്പിക്കും. എന്‍ഡിഎ വോട്ടില്‍ 3.99 ശതമാനം വര്‍ധനയാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് 7.22 ശതമാനം വോട്ടാണ് ലഭിച്ചത്. ഇക്കുറി വിഹിതം 11.2 ശതമാനമായി ഉയര്‍ന്നേക്കും.

സിപിഐയിലെ പി.പി.സുനീര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25.14 ശതമാനം വോട്ട് നേടിയ മണ്ഡലത്തില്‍ ഇക്കുറി ദേശീയ നേതാവ് ആനി രാജയാണ് മല്‍സരിക്കുന്നത്. ആനി രാജയ്ക്ക് 24.9 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. 0.22 ശതമാനത്തിന്റെ കുറവ്. മറ്റ് കക്ഷികളുടെയും സ്വതന്ത്രരുടെയും വോട്ടില്‍ 1.63 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു.

wayanad-vote-01

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം തന്നെയാണ് വയനാട്ടില്‍ യുഡിഎഫിന്റെ വജ്രായുധം. ഡിസംബറില്‍ നടന്ന മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ സംസ്ഥാനത്ത് ഏറ്റവും ജനപ്രീതിയുള്ള എംപിയായത് രാഹുല്‍ ആണ്. 86 ശതമാനം പേരാണ് രാഹുലിനെ പ്രകടനത്തില്‍ തൃപ്തി രേഖപ്പെടുത്തിയത്. 2019ല്‍ അമേഠിയിലും വയനാട്ടിലും മല്‍സരിച്ച രാഹുല്‍ അമേഠിയില്‍ തോറ്റപ്പോള്‍ വയനാട് നല്‍കിയത് 4,31,770 വോട്ടിന്റെ ഭൂരിപക്ഷം. രണ്ടാമതെത്തിയ സിപിഐയിലെ പി.പി.സുനീറിന് ലഭിച്ചത് 2,74,597 വോട്ട്.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

BJP to increase vote share in Wayanad. Rahul Gandhi to retain the constituency, says Manorama News-VMR Pre-poll Survey.

MORE IN BREAKING NEWS
SHOW MORE