കേരളവും ജമ്മുകശ്മീരും തമ്മില്‍ നിരവധി സമാനതകളുണ്ടെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. കശ്മീര്‍
ഭൂമിയിലെ സ്വര്‍ഗവും. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും കശ്മീരിലേക്ക് താന്‍ ജനങ്ങളെ സന്ദര്‍ശനത്തിനായി ക്ഷണിക്കുകയാണെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായി താന്‍ യാത്ര തിരിക്കുമ്പോള്‍ കശ്മീരില്‍ മഞ്ഞു പെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സഹിഷ്ണുതയുടെ പാരമ്യത്തിലാണ് ജമ്മുകശ്മീരിലെ ജനതയെന്ന് അദ്ദേഹം തുറന്നടിച്ചു. മറ്റെന്തിനെക്കാളും ജമ്മുകശ്മീരിലെ ജനങ്ങള്‍ വൈവിധ്യത്തെയും പ്രശ്നങ്ങളെയും അംഗീകരിക്കുന്നവരാണ്. ചൈനയും പാകിസ്ഥാനും ജമ്മുകശ്മീരിന്‍റെ ഭാഗങ്ങള്‍ കയ്യേറാന്‍ നിരന്തരം ശ്രമിക്കുന്നുവെന്ന സത്യത്തെ
കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാണ്. അത് ഞങ്ങളുടെ വിധിയാണെന്ന് കരുതിപ്പോരേണ്ട അവസ്ഥ പോലും ജനങ്ങളിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പദവി ജമ്മുകശ്മീരിന് അനുവദിച്ചപ്പോള്‍ അതൊരു പ്രത്യേക കാലത്തിലേക്ക് മാത്രമാണെന്ന് ആരും പറഞ്ഞിരുന്നില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് കൂട്ടിച്ചേര്‍ക്കുക തന്നെ സാധ്യമായത് പ്രത്യേക പദവി അനുവദിച്ചതിലൂടെയാണ്. ഇന്നെന്താണ് സംഭവിക്കുന്നത്?
കേരളത്തെയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെയും കാര്യം ഓര്‍ക്കുമ്പോള്‍ തനിക്ക് അസൂയ തോന്നുന്നുണ്ട്. എന്ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇവിടെ ധാരണയുണ്ട് പക്ഷേ കശ്മീരില്‍ അതല്ല സ്ഥിതി. ശരിക്കുമുള്ള തിരഞ്ഞെടുപ്പ് നടന്നിട്ട് വര്‍ഷങ്ങളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.