ആവശ്യമായ സ്ത്രീ പ്രാതിനിധ്യം കേരളത്തിലെ കോണ്‍ഗ്രസ് കൊടുക്കാറില്ലെന്ന് തുറന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആ തെറ്റ് തിരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2029 ല്‍ പോലും സ്ത്രീ സംവരണം നടപ്പാക്കാന്‍ കഴിയാത്ത രീതിയിലാണ് ബിജെപി സ്ത്രീപ്രാധിനിധ്യ ബില്‍ കൊണ്ടുവന്നതെന്ന് വിമര്‍ശിച്ച സതീശന്‍, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 20 ല്‍ 20 സീറ്റും നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യ മുന്നണി രാജ്യത്തെ ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കെതിരായ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്ലാറ്റ്ഫോമാണ്. സീതാറാം യെച്ചൂരി ആ പ്ലാറ്റ്ഫോം നിര്‍മിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പം നിന്ന് പിന്തുണ കൊടുക്കുന്ന ഒരാളാണ്. എന്നാല്‍ ദേശീയ തലത്തിലെ നിലപാടല്ല കേരളത്തില്‍ വരുമ്പോള്‍ സിപിഎമ്മിനെന്നും സതീശന്‍ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റിയില്‍ സിപിഎം പ്രതിനിധി വേണ്ടെന്ന് സമ്മര്‍ദം ചെലുത്തിയത് കേരളത്തിലെ സിപിഎം നേതാക്കളാണ്. കേരളത്തിലെ സിപിഎം അജണ്ട കോണ്‍ഗ്രസ് വിരുദ്ധതയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ബിജെപി നേതൃത്തെ സംതൃപ്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഭരണകൂടം. ഈ രണ്ടു പാര്‍ട്ടികളും തമ്മില്‍ കൃത്യമായ അന്തര്‍ധാരയും ധാരണകളുമുണ്ട്. അതേസമയം ബിജെപി വിരുദ്ധ രാഷ്ട്രീയത്തില്‍ കേരളത്തില്‍ മാത്രമുള്ള സിപിഎമ്മിന് പ്രസക്തിയില്ലെന്നും പറഞ്ഞ അദ്ദേഹം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ശക്തി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങള്‍ കണ്ണില്ലാത്തപ്പോള്‍ മാത്രമേ കണ്ണിന്‍റെ വില അറിയൂ എന്ന് ജനാധിപത്യ വിശ്വാസികളെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.