വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന് ശശി തരൂര്‍. ഹിന്ദി ഹൃദയഭൂമിയിലുള്‍പ്പടെ ഭരണവിരുദ്ധ  വികാരം പ്രകടമാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും അസമത്വവും മുന്‍പത്തെക്കാളുമേറെ രാജ്യത്ത് വര്‍ധിച്ചുവെന്നും രണ്ടുകോടി തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് തൊഴില്‍ രഹിതര്‍ വോട്ട് ചെയ്യുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. തക്കാളിയുടെ വിലക്കയറ്റം ബാധിക്കുന്നത് സാധാരണക്കാരന്‍റെ ജീവിതത്തെയാണ്. കോവിഡ് കാലത്ത് നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ജനജീവിതം മെച്ചപ്പെടുത്താനുള്ള നടപടികള്‍ മോദി സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുവശത്ത് സാധാരണക്കാരന് തൊഴില്‍ നഷ്ടമാവുകയും മറുവശത്ത് രണ്ടോ മൂന്നോ ശതകോടീശ്വരന്‍മാരുടെ വരുമാനത്തില്‍ മാത്രം വര്‍ധനവുണ്ടാവുകയുമാണെന്നും തരൂര്‍ പറഞ്ഞു. 

 

അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്നും രണ്ടിടത്ത് ശക്തമായ പോരാട്ടം നടക്കുമെന്നാണ് തന്‍റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ തോല്‍വിക്ക് ശേഷം ഉണ്ടായ മന്ദത ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പ്രവര്‍ത്തകരില്‍ നിന്നും മാറിയെന്നും ഊര്‍ജവും ആവേശവും തിരികെ വന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ലഭിച്ച ആ ആത്മവിശ്വാസമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പുല്‍വാമ സംഭവിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് ദേശീയ സുരക്ഷ മാത്രം പ്രതിഫലിച്ച തിരഞ്ഞെടുപ്പായി മാറി. യഥാര്‍ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇന്ന് സ്ഥിതി മാറി. 2019 ല്‍ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വിജയിച്ചിരുന്നു. ആ വിജയം ഇനിയുണ്ടാവില്ല. ബിജെപിക്ക് ഇന്നത്തെ സ്ഥിതിയില്‍ 272 സീറ്റെന്ന മാജിക് നമ്പര്‍ കിട്ടാന്‍ സാധ്യതയില്ല. വരുന്ന ആറുമാസം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ രാജ്യത്ത് മാറ്റങ്ങളുണ്ടാവുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. 

 

രാഷ്ട്രീയപാര്‍ട്ടിക്കുള്ളിലുണ്ടാവേണ്ട ജനാധിപത്യം കോണ്‍ഗ്രസിനുള്ളിലുണ്ടെന്നും തരൂര്‍ പറഞ്ഞു.  പ്രവര്‍ത്തക സമിതിയോഗത്തില്‍ അംഗങ്ങള്‍ പലതും ചൂണ്ടിക്കാണിക്കുകയും നേതൃത്വം അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു. അതില്‍ വോട്ടു ചെയ്യാന്‍ ആളുകള്‍ക്കുണ്ടായി. മറ്റേത് പാര്‍ട്ടിയില്‍ നിങ്ങള്‍ക്കിത് കാണാന്‍ സാധിക്കുമെന്നും തരൂര്‍ ചോദിച്ചു. ജനങ്ങളുടെ അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ വിലയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

 

Manorama news conclave Shashi Tharoor