ഈ സ്ത്രീ സംവരണം കണ്ണില്‍പ്പൊടിയിടാന്‍; വോട്ടുബാങ്ക് രാഷ്ട്രീയം: കെ.കെ രമ

kk-rema
SHARE

നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ വനിതാ സംവരണബില്‍ സ്ത്രീകളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് കെ.കെ. രമ എംഎല്‍.എ. വനിതാ സംവരണം എന്ന് പ്രാവര്‍ത്തികമാകുമെന്ന് അറിയില്ലെന്നും സദുദ്ദേശപരമെങ്കില്‍ വൈകിപ്പിക്കുന്നതെന്തിനാണെന്നും അവര്‍ മനോരമന്യൂസ് കോണ്‍ക്ലേവില്‍ ചോദിച്ചു.  അതേസമയം, സംവരണം നടപ്പിലാകുന്നതിന് കാത്തുനില്‍ക്കാതെ തീരുമാനമെടുക്കാന്‍ നമ്മുടെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അവര്‍ ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72 സീറ്റില്‍ മല്‍സരിച്ച സിപിഎം 12 സീറ്റുകളില്‍ മാത്രമാണ് വനിതകളെ മല്‍സരിപ്പിച്ചത്. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും രമ.   

പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പദവികള്‍ ലഭിക്കുന്നതിന് പ്രയാസമില്ല. അതിനുമപ്പുറത്തേക്ക് തീരുമാനമെടുക്കുന്ന തലത്തിലേക്ക് അത് മാറ്റപ്പെടില്ല എന്നതാണ് വസ്തുത. സ്ത്രീകളെ വോട്ടുബാങ്കാക്കി മാത്രം കാണുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് നിലവിലെ സംവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംവരണം കൊണ്ടു മാത്രമേ സ്ത്രീകള്‍ക്ക് ഉന്നത പദവിയിലെത്താന്‍ കഴിയുകയുള്ളൂ. അധികാരസ്ഥാനങ്ങള്‍ വിട്ടൊഴിയുക പുരുഷന് സാധ്യമല്ല. അതുകൊണ്ട് ബോധപൂര്‍വമായ ശ്രമം ഉണ്ടാവേണ്ടതുണ്ടെന്നും രമ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്ത് ഒരു സ്ത്രീയെത്തിയാല്‍ പ്രകൃതിയുമായി ചേര്‍ന്നുള്ള വികസനമാകും ഉണ്ടാവുക, കുറച്ചുകൂടി സ്നേഹത്തോടെയും കരുതലോടെയും ചേര‍്ത്തുപിടിക്കലോടെയുമുള്ള ഭരണമാകും ഉണ്ടാവുകയെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു. സ്ത്രീ മുഖ്യമന്ത്രി പദത്തിലെത്തിയാല്‍ ഭരണം എങ്ങനെയെന്നതിന് നമുക്ക് നിലവില്‍ മാതൃകകളില്ല. ഇന്നേ വരെയുള്ള നമ്മുടെ ചരിത്രം അങ്ങനെയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുരുഷന് എങ്ങനെയും വികാരപ്രകടനം നടത്താം എന്നാല്‍ ഒരു സ്ത്രീയാണെങ്കില്‍ ആക്രമിക്കുന്ന പ്രവണതയുണ്ടെന്നും കെ.കെ രമ പറഞ്ഞു.

Manorama News Conclave K.K. Rema

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN MANORAMA NEWS CONCLAVE 2023
SHOW MORE