ടെക്നോളജി വിസ്മയിപ്പിക്കുന്നതാണെന്നും എന്നാല്‍ മനുഷ്യന് പകരമാവില്ല അതെന്നും സന്ന്യാസിയും പ്രമുഖ ജീവിത പരിശീലകനുമായ ഗൗര്‍ ഗോപാല്‍ ദാസ്. എഐക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ മനുഷ്യര്‍ക്കാണ് വികാരങ്ങളെ അനുഭവിച്ചറിയാനാവുന്നത്. ബന്ധങ്ങളും മാനസികാരോഗ്യവും അഭിനിവേശങ്ങളുമാണ് ആന്തരികമായ സന്തോഷം നല്‍കുന്നത്. നെഗറ്റിവിറ്റി നിറഞ്ഞ ലോകത്ത് ജീവിതത്തോട് പ്രസന്നമായ സമീപനം സ്വീകരിക്കുകയെന്നത് വ്യക്തികളുടെ തിരഞ്ഞെടുപ്പാണ്. ആശയത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും മറ്റ് പല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ലോകത്തില്‍ മനുഷ്യത്വമുള്ളവരായി നിലകൊള്ളുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു.
ബന്ധങ്ങള്‍, അഭിരുചികള്‍, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താതെ ജീവിതത്തില്‍ സന്തോഷമുണ്ടാവില്ല. മനുഷ്യന്‍റെ കൈവശമുള്ളവ ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും സന്തോഷം ലഭിക്കണമെങ്കില്‍ അതിനൊപ്പം ഗുണനിലവാരം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷം ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ ലഭിക്കണമെന്നത് മാനുഷിക പ്രകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലായ്പ്പോഴും ആശങ്കപ്പെടാന്‍ നമുക്ക് ചുറ്റും പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങളെ അകറ്റാനും ആന്തരികമായ ആനന്ദത്തിലേക്ക് നമ്മെ എത്തിക്കാനും എഐക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ കയ്യില്‍ വിലപിടിപ്പുള്ളത് എന്തെല്ലാമാണോ അതിനെ ആശ്രയിച്ചല്ല സന്തോഷമിരിക്കുന്നത്. കുടുംബത്തിനുള്ളിലെ സമാധാനന്തരീക്ഷമാണ്, എങ്ങനെ നമ്മള്‍ നല്ല അന്തരീക്ഷത്തില്‍ ജീവിക്കുന്നു എന്നതാണ് സന്തോഷത്തെ നിര്‍ണയിക്കുന്നത്. കൂടുതല്‍ കൂടുതല്‍ നേടാന്‍ സമ്മര്‍ദം നമുക്ക് മേല്‍ ഉണ്ടാവുന്നു. ഈ ലോകത്ത് ജീവിക്കണം എങ്കില്‍ നമുക്ക് ആവശ്യമായ ഘടകങ്ങളുണ്ട്. എന്നാല്‍ നല്ല വീട്, കാര്‍ എന്നിവ ഉണ്ടാകുമ്പോഴും ആ വീട്ടിലെ അന്തരീക്ഷം, കാറിലെ യാത്ര ഏത് അന്തരീക്ഷത്തിലാണ് എന്നതാശ്രയിച്ചിരിക്കും ജീവിതത്തിലെ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.
Manorama news conclave Gaur Gopal Das