2024ല്‍ രാജ്യത്തിന് ശോഭനഭാവി; ദക്ഷിണേന്ത്യ നിര്‍ണായക പങ്ക് വഹിക്കും: ഡികെ

dk-sivakumar-10
SHARE

രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്നതില്‍ ദക്ഷിണേന്ത്യയ്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍. 2024 ല്‍ രാജ്യത്തിന് ശോഭനമായ ഭാവിയുണ്ടാകുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന്‍റെ പുരോഗതിക്കായി കേരളവുമൊത്ത് പ്രവര്‍ത്തിക്കും. രാജ്യത്തെ ഭരണഘടനയെയും എല്ലാവിഭാഗത്തിലെയും ജനങ്ങളെയും സംരക്ഷിക്കേണ്ട കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ ജനങ്ങളെ പോലെ കര്‍ണാടകയിലെയും ജനങ്ങള്‍ ബുദ്ധിമാന്‍മാരാണ്. അതുകൊണ്ട് ഓപറേഷന്‍ താമരയില്‍ അവര്‍ വീണില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക ഇതാവര്‍ത്തിക്കുമെന്നും ഡികെ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ ശക്തി രാജ്യത്തിന്‍റെ ശക്തിയാണ്. കോണ്‍ഗ്രസിന്‍റെ ചരിത്രം രാജ്യത്തിന്‍റെ ചരിത്രമാണ്. അത് സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സംരക്ഷിക്കേണ്ടതുണ്ടെന്നും കര്‍ണാടകയില്‍ ബജറ്റില്‍ 23 ശതമാനം ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തൊഴില്‍പരമായി ബിസിനസുകാരനും അഭിരുചി കൊണ്ട് രാഷ്ട്രീയക്കാരനുമാണെന്നും ഡികെ പറഞ്ഞു. തുടര്‍ച്ചയായ എട്ടുപ്രാവശ്യം നിയമസഭാ സാമാജികനായി. എന്ത് പ്രശ്നം ഉണ്ടായാലും നേരിടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഹൃദയവും ആശയങ്ങളും പാര്‍ട്ടിയോടുള്ള ഉത്തരവാദിത്തവും കൂടുതല്‍ തെളിമയാര്‍ന്നതായെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിയെക്കാള്‍ വലുതാണ് പാര്‍ട്ടി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാക്കുമെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസവും മതവും വ്യക്തിപരമായ കാര്യങ്ങളാണ്. സംസ്കാരത്തിലും പാരമ്പര്യത്തിലും താന്‍ വിശ്വസിക്കുന്നു. വേരുകളെ മറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സനാതനധര്‍മ വിവാദത്തില്‍ ഡികെ നിലപാട് വ്യക്തമാക്കി. ഉദയനിധിയുടേത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഠിനകാലത്തെ നേരിടാന്‍ കര്‍ണാടകയ്ക്ക് പ്രത്യേക പദ്ധതിയുണ്ടായിരുന്നു. കര്‍ണാടകയില്‍ മികച്ച ഭരണം ഉറപ്പുവരുത്താന്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്‍റെയും മറ്റ് ഘടകങ്ങളുടെയും പേരില്‍ ബിജെപി സൃഷ്ടിച്ച പ്രശ്നങ്ങളില്‍ നിന്നെല്ലാം ദക്ഷിണേന്ത്യയെ സുരക്ഷിതമായി കാക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും അതാണ് തന്‍റെ വീടെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ബാധ്യതയുണ്ട്. എന്ത് വിലകൊടുത്തും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Manorama news conclave DK Sivakumar