‘രാഹുല്‍ രാഷ്ട്രീയ യജമാനന്‍; ഞാന്‍ പ്രവര്‍ത്തക’: ഉന്നമിട്ട് സ്മൃതി ഇറാനി

HIGHLIGHTS
  • ‘രാഹുല്‍ ഗാന്ധി രാഷ്ട്രീയ യജമാനന്‍, ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തക’
  • ‘വനിതാസംവരണം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല’
  • ‘പുരുഷന്‍മാര്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെട്ടു’ ‌
smriti-irani-56
SHARE

ഭാവി ഇന്ത്യയെ നയിക്കാനുള്ള കരുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മനോരമന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിപക്ഷത്തിന് ഐക്യമില്ലെന്നും മോദിയെ തോല്‍പ്പിക്കുക മാത്രമാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യമെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധി രാഷ്ട്രീയ യജമാനന്‍ മാത്രമാണ്. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തകയും– അവര്‍ തുറന്നടിച്ചു. 

വനിതാസംവരണം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല. പുരുഷന്‍മാര്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെട്ടു– സ്മ്മൃതി പറഞ്ഞു. യജമാനനെക്കാള്‍ ജനങ്ങളെ സേവിക്കാന്‍ കഴിയുക പ്രവര്‍ത്തകയായ തനിക്കാണ്.  നാലുപതിറ്റാണ്ടായി രാഹുലിന്‍റെ കുടുംബം കയ്യടക്കി വച്ച മണ്ഡലത്തില്‍ താന്‍ നേടിയ വിജയം ഇതിന് ഉദാഹരണമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്ന ഉറപ്പാണ് താന്‍ നല്‍കിയത്. അത് പാലിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനവും വളര്‍ച്ചയും രാജ്യത്ത് കൊണ്ടുവന്നതിലൂടെ ആഗോള കാഴ്ചപ്പാട് തന്നെ മാറ്റാന്‍ മോദി സര്‍ക്കാരിനായി. 2027 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസവും കാഴ്ചപ്പാടും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്നുണ്ട്. വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിച്ച മോദി സര്‍ക്കാരിനെ തന്നെ വീണ്ടും ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കുട്ടികള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ നടപടികള്‍സ്വീകരിക്കുമെന്നും സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. കുടുംബങ്ങള്‍ക്കുള്ളിലും അടുത്തറിയാവുന്ന ഇടങ്ങളിലുമാണ് കുട്ടികള്‍ പലപ്പോഴും ലൈംഗികമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം അതിക്രമത്തിന് ഇരയായ കുട്ടികള്‍ക്ക് കൗണ്‍സിലിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വകുപ്പുതലത്തില്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.  1600 അതിവേഗ കോടതികള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപികരിക്കുമെന്ന് പ്രധാനമന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു. അതില്‍ തന്നെ നാന്നൂറിലേറെ കോടതികള്‍ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നീക്കി വച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ജുവൈനല്‍ ജസ്റ്റിസ് ആക്ടില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വിക്ടിം കോംപന്‍സേഷന്‍ ഫണ്ട് അനുവദിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Manorama news conclave 2023 Smriti Irani on Rahul Gandhi

MORE IN MANORAMA NEWS CONCLAVE 2023
SHOW MORE