വയനാട്ടിൽ ഇക്കുറിയും രാഹുൽ ഗാന്ധി തന്നെയെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. എന്നാൽ കഴിഞ്ഞ തവണ ലഭിച്ച വോട്ടിൽ 14 ശതമാനത്തിനടുത്ത് ഇടിവുണ്ടാകും. എൽഡിഎഫ് വോട്ടിൽ നല്ല വർധനയും എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബി.ജെ.പിക്കും വോട്ട് കൂടും. സിപിഐ ദേശീയനേതാവ് ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കളത്തിലിറങ്ങിയത് മൽസരത്തിന് വാശി കൂട്ടിയെന്ന് വ്യക്തം.
രാഹുൽ ഗാന്ധിക്ക് 50.99 ശതമാനം വോട്ടാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 35.48 ശതമാനം പേർ ആനി രാജയ്ക്ക് വോട്ട് ചെയ്തു. 10.65 ശതമാനമാണ് കെ.സുരേന്ദ്രൻ്റെ വിഹിതം. മറ്റുകക്ഷികളും സ്വതന്ത്രരും 2.88 ശതമാനം വോട്ട് കരസ്ഥമാക്കി. യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 39.53ൽ നിന്ന് 15.51 ആയി കുറഞ്ഞത് ശ്രദ്ധേയമാണ്.
രാഹുൽ ഗാന്ധിക്ക് 2019ൽ കിട്ടിയ വോട്ടിൽ 13.65 ശതമാനത്തിൻ്റെ കുറവാണ് എക്സിറ്റ് പോളിൽ ഉണ്ടായത്. എൽഡിഎഫ് വോട്ട് 10.36 ശതമാനം കൂടി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മൽസരിച്ചിട്ടും ബിജെപി വോട്ടിലെ വർധന 3.44 ശതമാനം മാത്രമാണ്.
2019ൽ അമേഠി ഉപേക്ഷിച്ചെത്തിയ രാഹുൽ ഗാന്ധിയെ 4,31,770 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് വയനാട് ജയിപ്പിച്ചുവിട്ടത്. അതോടെ ദേശീയശ്രദ്ധയിലേക്ക് മണ്ഡലം ഉയർന്നു. രാഹുലിന് 7,06,367 വോട്ടും സിപിഐയിലെ പി.പി.സുനീറിന് 2,74,597 വോട്ടും ലഭിച്ചു. എൻഡിഎയ്ക്കുവേണ്ടി രംഗത്തിറങ്ങിയ ബിഡിജെഎസ് അധ്യക്ഷന് തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് 78,816 വോട്ട്.