ഇടുക്കിയിൽ യു.ഡി.എഫിനും എൽഡിഎഫിനും വോട്ട് ചോർച്ച പ്രവചിച്ച് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. സിറ്റിങ് എംപി ഡീൻ കുര്യാക്കോസ് അനായാസം മണ്ഡലം നിലനിർത്തും. മുൻ എംപി സിപിഎമ്മിലെ അഡ്വ. ജോയിസ് ജോർജിനേക്കാൾ എക്സിറ്റ് പോളിൽ 14 ശതമാനത്തിനടുത്ത് വോട്ട് ഡീനിന് കൂടുതൽ ലഭിച്ചു. തുടർച്ചയായി രണ്ടാംതവണയാണ് ഡീൻ കുര്യാക്കോസ് ഇടുക്കിയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. ബിഡിജെഎസ് സ്ഥാനാർഥി അഡ്വ. സംഗീത വിശ്വനാഥനും മികച്ച പ്രകടനം കാഴ്ചവച്ചു.
എക്സിറ്റ് പോളിൽ പങ്കെടുത്ത 43.69 ശതമാനം പേർ യു.ഡി.എഫിനാണ് വോട്ട് ചെയ്തത്. 30.31 ശതമാനം എൽഡിഎഫിനും. 21.2 ശതമാനം പേർ എൻഡിഎയെ പിന്തുണച്ചു.യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 13.38 ശതമാനം.
ഇടുക്കിയിൽ മൂന്നാംവട്ടമാണ് ഡീൻ കുര്യാക്കോസും ജോയിസ് ജോർജും ഏറ്റുമുട്ടുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ട് കത്തിനിന്ന 2014ൽ ജയം ജോയ്സിനൊപ്പമായിരുന്നു. എന്നാൽ 2019ൽ ഡീൻ 171,053 വോട്ടിൻ്റെ തകർപ്പൻ വിജയം കുറിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡീനിന് ലഭിച്ചത് 4,98,493 വോട്ട്. ജോയിസ് 3,27,440 വോട്ട് നേടി. ബിഡിജെഎസിലെ ബിജു കൃഷ്ണൻ 78,648 വോട്ടും കരസ്ഥമാക്കി.
എൻഡിഎയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച 8.56 ശതമാനം വോട്ടിൽ ഇക്കുറി 12.65 ശതമാനത്തിൻ്റെ വർധനയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. യു.ഡി.എഫ് വോട്ട് 10.51 ശതമാനം കുറയും. എൽഡിഎഫ് വോട്ടിലുമുണ്ട് 5.29 ശതമാനത്തിൻ്റെ കുറവ്.