തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴോ പ്രചാരണത്തിന്റെ തുടക്കത്തിലോ ഉണ്ടായിരുന്ന സ്ഥിതിയല്ല തിരുവനന്തപുരത്തെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിന് വിജയിച്ച ശശി തരൂരിന് ഇക്കുറി നേരിയ മാർജിനിൽ മാത്രമേ സീറ്റ് നിലനിർത്താനാകൂ എന്നാണ് പ്രവചനം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പോരാട്ടം കാഴ്ചവച്ചതാണ് തരൂരിന് ആശങ്കയേറ്റുന്നത്. പന്ന്യൻ രവീന്ദ്രൻ പ്രതീക്ഷിച്ചതുപോലെ മൂന്നാംസ്ഥാനത്താകുമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
എക്സിറ്റ് പോളിൽ പങ്കെടുത്ത 37.86 ശതമാനം പേർ ശശി തരൂരിന് വോട്ട് ചെയ്തു. 35.25 ശതമാനം പേർ രാജീവ് ചന്ദ്രശേഖറിനെ തുണച്ചു. 25.58 ശതമാനം മാത്രമാണ് എൽഡിഎഫിന് വോട്ട് ചെയ്തത്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം 2.61 ശതമാനമായി കുറഞ്ഞു.
ശശി തരൂരിന് 2019ൽ കിട്ടിയ വോട്ട് 3.28 ശതമാനം ഇടിഞ്ഞപ്പോൾ അതിലേറെ വോട്ട് ബി.ജെ.പിക്ക് വർധിച്ചു. 3.99 ശതമാനം. എൽഡിഎഫ് വോട്ടിലെ വർധന 0.02 ശതമാനം മാത്രം. ഇടതുമുന്നണിയുടെ പ്രചാരണത്തെക്കുറിച്ച് സ്ഥാനാർഥി ഉൾപ്പെടെ ഉയർത്തിയ പരാതികൾ പ്രതിഫലിപ്പിക്കുന്നതാണ് എക്സിറ്റ് പോളിലെ വോട്ട് വിഹിതം.
2019ലെ തിരഞ്ഞെടുപ്പിൽ 99,989 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശി തരൂർ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തോൽപിച്ചത്. തരൂർ 4,16,131 വോട്ടും കുമ്മനം 3,16,142 വോട്ടും നേടി. സിപിഐയിലെ സി.ദിവാകരന് 2,58,556 വോട്ടേ ലഭിച്ചുള്ളു. 41.19 ശതമാനമായിരുന്നു തരൂരിൻ്റെ വോട്ട് ഷെയർ. കുമ്മനത്തിന് 31.3 ശതമാനവും. 25.6 ശതമാനം പേരുടെ വോട്ട് സി.ദിവാകരനും ലഭിച്ചു.