പാലക്കാട്ട് 2019ലേതിനേക്കാൾ കടുത്ത പോരാട്ടമെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. വളരെ നേരിയ മാർജിനിൽ എൽഡിഎഫ് ഇവിടെ മുന്നിട്ടുനിൽക്കുന്നുവെന്നാണ് പ്രവചനം. എക്സിറ്റ് പോളിൽ പങ്കെടുത്ത 39.8 ശതമാനം പേർ എൽഡിഎഫിനും 38.66 ശതമാനം പേർ യു.ഡി.എഫിനും വോട്ട് ചെയ്തു. 20.25 ശതമാനമാണ് ബി.ജെ.പിക്ക് ലഭിച്ച എക്സിറ്റ് പോൾ വോട്ട്. എൽഡിഎഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 1.14 ശതമാനം മാത്രം.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫ് വോട്ട് 2.13 ശതമാനം വർധിക്കും. യു.ഡി.എഫിനും ബി.ജെ.പിക്കും നേരിയ തോതിൽ വോട്ട് കുറയുകയാണ് ചെയ്യുന്നത്. ബി.ജെ.പിക്ക് 0.99 ശതമാനവും യു.ഡി.എഫിന് 0.14 ശതമാനവും.
കോൺഗ്രസിന്റെ സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠന് 2019ൽ ലഭിച്ച വോട്ട് വിഹിതം 38.83 ശതമാനം. എൽഡിഫ് സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ എക്സൈസ് മന്ത്രി എം.ബി.രാജേഷിന് ലഭിച്ചത് 37.7 ശതമാനവും. ബിജെപി സ്ഥാനാർഥിയായ സി.കൃഷ്ണകുമാർ 21.26 ശതമാനം വോട്ടും നേടി.
കോൺഗ്രസിൻ്റെ യുവനിരയിലെ പ്രമുഖരിൽ ഒരാളായ വി.കെ.ശ്രീകണ്ഠൻ്റെ കന്നി ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു 2019ലേത്. 11,637 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് മുൻ എംപി കൂടിയായ എംബി രാജേഷിനെ ശ്രീകണ്ഠൻ തറപറ്റിച്ചത്. യു.ഡി.എഫിന് 3,99,274 വോട്ടും എൽഡിഎഫിന് 3,87,637 വോട്ടും കിട്ടി. ബിജെപി 2,18,556 വോട്ട് നേടി.