ജൂൺ നാലിനെ അന്തിമഫലം വരുംവരെ കെ.സുധാകരൻ നന്നായി വിയർക്കും. അത്ര കടുത്ത പോരാട്ടമാണ് കണ്ണൂരിലെന്ന് മനോരമന്യൂസ്-വിഎംആർ എക്സിറ്റ് പോൾ. സിറ്റിങ് എം.പിയും കെപിസിസി പ്രസിഡൻ്റുമായ കെ.സുധാകരനും സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂർ ജില്ലാസെക്രട്ടറിയുമായ എം.വി.ജയരാജനും അതിശക്തമായ മൽസരമാണ് കാഴ്ചവയ്ക്കുന്നത്. എക്സിറ്റ് പോളിൽ പങ്കെടുത്ത 42 ശതമാനം പേർ വീതം ഇരുവർക്കും വോട്ട് ചെയ്തു. ബിജെപി സ്ഥാനാർഥി സി.രഘുനാഥിന് 12.4 ശതമാനം വോട്ട് ലഭിച്ചു.
യു.ഡി.എഫിന് കനത്ത വോട്ട് ചോർച്ചയാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്. 2019ൽ ലഭിച്ചതിനെ അപേക്ഷിച്ച് എക്സിറ്റ് പോളിൽ അവർക്ക് 7.53 ശതമാനം വോട്ട് കുറഞ്ഞു. എൽഡിഎഫ് വോട്ടിൽ 1.23 ശതമാനത്തിൻ്റെ വർധനയേ ഉള്ളു. എന്നാൽ ബിജെപി വോട്ട് ഇരട്ടിയാകും. 5.91 ശതമാനമാണ് വർധന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 50.27 ശതമാനം വോട്ടാണ് കണ്ണൂരിൽ ലഭിച്ചത്. എൽഡിഎഫിന് 41.29 ശതമാനവും. 6.5 ശതമാനമായിരുന്നു ബിജെപി വിഹിതം. സ്വതന്ത്രരും മറ്റ് കക്ഷികളും 2.04 ശതമാനം വോട്ടും നേടി. 8.97 ശതമാനമായിരുന്നു യു.ഡി.എഫും ഇടതുമുന്നണിയും തമ്മിലുള്ള വോട്ട് വ്യത്യാസം.
2019ൽ കെ.സുധാകരൻ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയെ പരാജയപ്പെടുത്തിയത്. സുധാകരന് 5,29,741 വോട്ടും ശ്രീമതിക്ക് 4,35,182 വോട്ടും മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭന് 68,509 വോട്ടും ലഭിച്ചു. ഇക്കുറി മുൻ കോൺഗ്രസ് നേതാവ് സി.രഘുനാഥിനെ ബിജെപി രംഗത്തിറക്കിയതാണ് മൽസരം ഇത്ര കടുത്തതാക്കിയത്.