മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ഇതുവരെയില്ലാത്ത മൽസരം നേരിടുന്നുവെന്ന് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. യു.ഡി.എഫ് വോട്ടിൽ കാര്യമായ ഇടിവും എൻഡിഎ വിഹിതത്തിൽ വലിയ വർധനയുമാണ് പ്രവചനം. എൽഡിഎഫിനും നേരിയ തോതിൽ വോട്ട് കുറയും. യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള അന്തരം രണ്ടുശതമാനത്തിൽ താഴെ ആയതിനാൽ ഫലം എങ്ങോട്ടും മറിയാം.
സിറ്റിങ് എംപി കൊടിക്കുന്നിൽ സുരേഷിന് എക്സിറ്റ് പോളിൽ 39.84 ശതമാനം പേർ വോട്ട് ചെയ്തു. 38.24 ശതമാനം പേർ സിപിഐ സ്ഥാനാർഥി അഡ്വ. സി.എ.അരുൺ കുമാറിനൊപ്പമാണ്. ബിഡിജെഎസിലെ ബൈജു കലാശാലയ്ക്ക് 20.55 ശതമാനം വോട്ടും ലഭിച്ചു. 1.6 ശതമാനം മാത്രമാണ് യു.ഡി.എഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം. ഇത്തവണ യു.ഡി.എഫ് വോട്ടിൽ 5.46 ശതമാനം കുറവുണ്ടാകും. എൻഡിഎ വോട്ട് 6.82 ശതമാനം കൂടും. എൽഡിഎഫ് വോട്ടിലും നേരിയ കുറവുണ്ട്. 0.76 ശതമാനം
2019ൽ സിപിഐയിലെ ചിറ്റയം ഗോപകുമാറിനെ 61,138 വോട്ടിന് തോൽപ്പിച്ചാണ് കൊടിക്കുന്നിൽ ഏഴാംതവണ ലോക്സഭയിൽ എത്തിയത്. കൊടിക്കുന്നിലിന് 4,40,415 (45.29%) വോട്ടും ചിറ്റയത്തിന് 3,79,277 (39%) വോട്ടും എൻഡിഎയിലെ തഴവ സഹദേവന് 1,33,546 (13.73%)വോട്ടും ലഭിച്ചു.
1989ൽ ഇരുപത്തേഴാം വയസിൽ ആദ്യമായി ലോക്സഭയിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് പിന്നീട് എട്ടുതവണ കൂടി മൽസരിച്ചു. അതിൽ ആറിലും ജയം. 1998ലും 2004ലും അടൂരിൽ ചെങ്ങറ സുരേന്ദ്രനോട് തോറ്റതൊഴിച്ചാൽ അടൂരും പിന്നീട് മാവേലിക്കരയും കൊടിക്കുന്നിലിന് സേഫ് സീറ്റുകളായിരുന്നു. മാവേലിക്കരയിൽ സ്ഥാനാർഥികളെ മാറിമാറി പരീക്ഷിച്ചിട്ടും സിപിഐയ്ക്ക് കൊടിക്കുന്നിലിനെ കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.