പത്തനംതിട്ടയിൽ ജയിക്കില്ലെങ്കിലും ബിജെപി മുന്നേറ്റം പ്രവചിച്ച് മനോരമന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. മണ്ഡലം യു.ഡി.എഫ് നിലനിർത്തും. അനിൽ ആൻ്റണിയെ സ്ഥാനാർഥിയാക്കിയത് ബി.ജെ.പിക്ക് പ്രതീക്ഷിച്ചതിലും വലിയ നേട്ടമാകുമെന്നാണ് പ്രവചനം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി.എം.തോമസ് ഐസക് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
ലോക്സഭയിൽ തുടർച്ചയായി നാലാമൂഴം തേടുന്ന യു.ഡി.എഫിലെ ആൻ്റോ ആൻ്റണിക്ക് എക്സിറ്റ് പോളിൽ 36.53 ശതമാനം വോട്ട് ലഭിച്ചു. ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ അനിൽ ആൻ്റണി 32.17 ശതമാനം വോട്ടും നേടി. മുൻ ധനമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്കിന് ലഭിച്ചത് 27.7 ശതമാനം മാത്രം. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം 4.36 ശതമാനം.
എൽഡിഎഫിന് 5.07 ശതമാനം വോട്ട് നഷ്ടമാണ് പ്രവചനം. യു.ഡി.എഫ് വോട്ടിൽ 0.47 ശതമാനത്തിൻ്റെയും കുറവുണ്ടാകും. എന്നാൽ ബിജെപി വോട്ട് 3.23 ശതമാനം ഉയരും. വോട്ട് ശതമാനത്തിലെ വർധനയ്ക്കപ്പുറം അടിസ്ഥാനവോട്ടിലെ വളർച്ചയാണ് ബിജെപിയുടെ ശരിക്കുള്ള നേട്ടം.
2019ലെ തിരഞ്ഞെടുപ്പിൽ 44,243 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെ തോൽപ്പിച്ചാണ് ആൻ്റോ ആൻ്റണി ലോക്സഭയിൽ ഹാട്രിക് തികച്ചത്. ആൻ്റോ 3,80,927 വോട്ടും വീണ 3,36,684 വോട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 2,97,396 വോട്ടും നേടി. 37 ശതമാനമായിരുന്നു യുഡിഎഫിൻ്റെ വോട്ട് ഷെയർ. എൽഡിഎഫിൻ്റേത് 32.77 ശതമാനവും. ബിജെപിക്ക് 28.95 വോട്ട് ലഭിച്ചു.
ഓരോ തിരഞ്ഞെടുപ്പിലും ആൻ്റോയ്ക്ക് ഭൂരിപക്ഷം കുറയുന്നതാണ് ട്രെൻഡ്. ഇക്കുറിയും അതിൽ മാറ്റമുണ്ടായേക്കില്ല. 2009ൽ 1,11,206 വോട്ടിന് സിപിഎമ്മിലെ കെ.അനന്തഗോപനെ വീഴ്ത്തി ലോക്സഭയിൽ അരങ്ങേറ്റം കുറിച്ച ആൻ്റോ രണ്ടാമൂഴത്തിൽ എൽഡിഎഫ് സ്വതന്ത്രൻ പീലിപ്പോസ് തോമസിനെ 56,191 വോട്ടിനാണ് തോൽപ്പിച്ചത്.