മോദി സർക്കാരിന്‍റെ ഏറ്റവും വലിയ പരാജയമായി കേരളത്തിലെ വോട്ടർമാർ വിലയിരുത്തുന്നത് മണിപ്പുർ കലാപം. സ്ത്രീസുരക്ഷ, വിലക്കയറ്റം, വർഗീയ ധ്രുവീകരണം, കാർഷികപ്രതിസന്ധി എന്നിവയാണ് കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് കരുതുന്ന മറ്റ് വിഷയങ്ങൾ. മനോരമന്യൂസ്-വിഎംആർ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേയിൽ പങ്കെടുത്ത 30 ശതമാനം പേർ മണിപ്പുർ വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് ഗുരുതര പാളിച്ച പറ്റി എന്ന് അഭിപ്രായപ്പെട്ടു. സ്ത്രീസുരക്ഷ സർക്കാർ പ്രധാനനേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടുമ്പോഴാണ് കേരളത്തിൽ 17.79 ശതമാനം പേർ ഇക്കാര്യത്തിൽ കേന്ദ്രം പരാജയമാണെന്ന് നിലപാടെടുത്തത്.
വിലക്കയറ്റം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് 12.76 ശതമാനം പേരും മോദി സർക്കാരിനുകീഴിൽ വർഗീയ ധ്രുവീകരണം വർധിച്ചെന്ന് 12.06 ശതമാനം പേരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാർഷിക പ്രതിസന്ധി രൂക്ഷമായെന്ന് 10.37 ശതമാനം പേർ വിലയിരുത്തി. ഫെഡറലിസം ദുർബലമായെന്ന് 5.86 ശതമാനം പേരും ന്യൂനപക്ഷങ്ങൾ അന്യവൽകരിക്കപ്പെട്ടെന്ന് 5.58 ശതമാനവും പറഞ്ഞു. കുത്തകകളെ അമിതമായി പ്രോൽസാഹിപ്പിക്കുന്ന നയത്തെ 5.16 ശതമാനം പേർ എതിർത്തു. മോദി സർക്കാരിനുകീഴിൽ ഭരണഘടനാസ്ഥാപനങ്ങൾ ദുർബലപ്പെട്ടെന്ന് 1.96 ശതമാനം പേർ അഭിപ്രായപ്പെട്ടു.
മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാൽ മണിപ്പുർ പ്രശ്നം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഏറ്റവും കൂടുതൽ പേർ അഭിപ്രായപ്പെട്ടത് തിരുവനന്തപുരത്താണ്. 63.86 ശതമാനം. കോട്ടയം (43.56), പത്തനംതിട്ട (40.99), ഇടുക്കി (39.42), ആലപ്പുഴ (34.19), വയനാട് (31.33) ഈ അഭിപ്രായമുള്ളവർ കൂടുതലുണ്ട്. സ്ത്രീസുരക്ഷ ഏറ്റവും വലിയ ആശങ്കയായി ഉയർത്തിക്കാട്ടിയത് ചാലക്കുടി (29.7), മാവേലിക്കര (27.65), വടകര (23.8) ആലത്തൂർ (21.54), കാസർകോട് (21.25) മണ്ഡലങ്ങളിൽ സർവേയിൽ പങ്കെടുത്തവരാണ്.
എറണാകുളം മണ്ഡലത്തിലെ വോട്ടർമാർ വിലക്കയറ്റം പ്രധാനവിഷയമായി ഉയർത്തിക്കാട്ടുന്നു. 22.89 ശതമാനം പേർ ഇവിടെ ഈ അഭിപ്രായം രേഖപ്പെടുത്തി. കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലും ഈ അഭിപ്രായമുള്ളവർ 15 ശതമാനത്തിന് മുകളിലാണ്.
Here is a biggest failures of of Modi government. Manorama News-VMR Mood of the State Survey in Kerala