
മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം ചാന്ദ്രദൗത്യത്തിന്റെ വിജയമെന്ന് കേരളത്തിലെ വോട്ടർമാർ. മനോരമന്യൂസ്-വിഎംആർ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേയിൽ പങ്കെടുത്ത 22 ശതമാനം പേരും ഈ അഭിപ്രായം പങ്കുവച്ചു. 16 ശതമാനം പേർ അയോധ്യയിലെ ക്ഷേത്രനിർമാണമാണ് ഏറ്റവും വലിയ നേട്ടം എന്ന നിലപാടുകാരാണ്. വന്ദേഭാരത് ട്രെയിനുകൾ 14.5 ശതമാനം പേർ ഉയർത്തിക്കാട്ടുന്നു. പുതിയ പാർലമെന്റ് മന്ദിരം സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയായി കാണുന്നത് 12.36 ശതമാനം പേരാണ്. 10.8 ശതമാനം പേർ സാമൂഹ്യക്ഷേമപദ്ധതികൾ നേട്ടങ്ങളുടെ മുൻനിരയിൽ നിർത്തുന്നു. വികസനം 9.93 ശതമാനം പേരുടെ ശ്രദ്ധയാകർഷിച്ചപ്പോൾ വനിതാസംവരണ ബില്ലിന് 9.48 ശതമാനത്തിന്റെ പിന്തുണ ലഭിച്ചു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ 4.35 ശതമാനം പേർ നേട്ടമായി കാണുന്നു. കശ്മീർ കേസിൽ സുപ്രീംകോടതി വിധി വരുന്നതിന് മുൻപാണ് സർവേ നടന്നത്.
മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാൽ ചന്ദ്രയാൻ ദൗത്യത്തിന് ഏറ്റവും കൂടുതൽ പിന്തുണയുള്ളത് കോട്ടയത്താണ്. 43 ശതമാനം. പൊന്നാനിയിൽ 35.69 ശതമാനം പേരും ഇടുക്കിയിൽ 28.35 ശതമാനവും ഇതേ നിലപാടെടുത്തു. അയോധ്യ ക്ഷേത്രമാണ് വലിയ നേട്ടം എന്ന് കരുതുന്നവർ കൂടുതൽ തിരുവനന്തപുരത്താണ്. 39.14 ശതമാനം. കാസർകോട് (25.5), പത്തനംതിട്ട (24.57), ഇടുക്കി (21.58), പാലക്കാട് (20.16) എന്നിവയാണ് അയോധ്യ ക്ഷേത്രത്തിന് 20 ശതമാനത്തിലധികം പിന്തുണ ലഭിച്ച മറ്റ് മണ്ഡലങ്ങൾ.
വന്ദേഭാരത് ട്രെയിനിന് ആരാധകർ കൂടുതൽ കോഴിക്കോട് (22.31), തിരുവനന്തപുരം (21.57), പത്തനംതിട്ട (19.76), വയനാട് (19.73) മണ്ഡലങ്ങളിലാണ്. വനിതാസംവരണ ബില്ലിന് പിന്തുണ കൂടുതൽ വടകര (20.82), ചാലക്കുടി (17.74), കോഴിക്കോട് (15.41) മണ്ഡലങ്ങളിലാണ്. വികസനമാണ് മോദി സർക്കാരിന്റെ മുഖ്യസംഭാവന എന്ന് കരുതുന്നവർ 10 ശതമാനത്തിൽ കൂടുതലുള്ളത് 8 മണ്ഡലങ്ങളിൽ മാത്രം. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ. 13.16 ശതമാനം. സാമൂഹ്യക്ഷേമ പദ്ധതികളെ പിന്തുണയ്ക്കുന്നവർ കൂടുതൽ മലപ്പുറം (22.66), വയനാട് (19.73) മണ്ഡലങ്ങളിലാണ്.
Here is a biggest achivements of Modi government. Manorama News-VMR Mood of the State Survey in Kerala