രാജ്യം തന്നെ ഉറ്റുനോക്കിയ ഫലങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്രയിലെ ജനവിധി. യഥാര്‍ഥ ശിവസേനയാരെന്ന പരീക്ഷണത്തില്‍ ഊതിക്കഴിച്ച പൊന്ന് പോലെ ഉദ്ധവ് താക്കറെയുടെ ശിവസേന തിളങ്ങി. 48 സീറ്റുകളില്‍ 29 ഉം ഇന്ത്യ സഖ്യം നേടി. 12 സീറ്റുകളോടെ കോണ്‍ഗ്രസാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഒന്‍പത് സീറ്റുകളില്‍ ഉദ്ധവ് വിഭാഗം ജയമുറപ്പിച്ചു. ഏക്നാഥ് ഷിന്‍ഡെയാവട്ടെ ഏഴ് സീറ്റുകളിലാണ് മുന്നേറുന്നത്. ബി.ജെ.പി 11 സീറ്റുകളും പിടിച്ചു. പിളര്‍പ്പ് ബാധിച്ചിട്ടും ശരദ് പവാര്‍ 'പവറോടെ' തിരഞ്ഞെടുപ്പില്‍ തിളങ്ങി. ഏഴ് സീറ്റുകളാണ് എന്‍.സി.പി പവാര്‍ വിഭാഗം നേടിയത്. പാര്‍ട്ടി പിളര്‍ത്തി പുറത്ത്പോയ അജിത് പവാറിന് ഒരു സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.
2022 ലാണ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമതര്‍ ശിവസേന പിളര്‍ത്തിയത്. മാസങ്ങള്‍ കഴിഞ്ഞതോടെ ശിവസേനയെന്ന പേരും പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും ഉദ്ധവിന് നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഉദ്ധവിനും ഷിന്‍ഡെയ്ക്കും ലിറ്റ്മസ് ടെസ്റ്റ് പോലെയായിരുന്നുവെന്ന് പറയാം. ആരാണ് യഥാര്‍ഥ ശിവസേനയെന്ന് തിരഞ്ഞെപ്പ് ഫലം പറയുമെന്നായിരുന്നു ഉദ്ധവിന്‍റെ മറുപടിയും.
മഹാരാഷ്ട്രയിലെ 19 മണ്ഡലങ്ങളില്‍ ഉദ്ധവ് വിഭാഗം കരുത്ത് കാട്ടിയപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശക്തി പ്രകടനം ആറ് സീറ്റില്‍ ഒതുങ്ങി.
ബുല്‍ധാന,ഹത്കനങ്കലെ, കല്യാണ്‍, താനെ, മാവല്‍, ഔറങ്കബാദ് എന്നിവിടങ്ങളാണ് ഷിന്‍ഡെ പക്ഷത്തിനൊപ്പം നിന്നത്. ഇതില്‍ തന്നെ ഷിന്‍ഡെ വിഭാഗം നേതാവായ രാഹുല്‍ ഷിവലെയെ മുംബൈ സൗത്ത് സെന്‍ട്രല്‍ സീറ്റില്‍ ഉദ്ധവിന്‍റെ സ്ഥാനാര്‍ഥി അനില്‍ ദേശായി അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നാസികിലും മുംബൈ നോര്‍ത്ത് വെസ്റ്റിലും മുംബൈ സൗത്തിലുമടക്കം ഉദ്ധവ് വിഭാഗം ലീഡ് പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആഡംബര മണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്ന മുംബൈ സൗത്തില്‍ സിറ്റിങ് എംപിയായ അരവിന്ദ് ഗണ്‍പത് സാവന്ത് അരലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് വിജയിച്ചതും ഉദ്ധവിന്‍റെ ആത്മവിശ്വാസമേറ്റുന്നുണ്ട്.
നാല് മാസത്തിനുള്ളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ വിജയം ഉദ്ധവിന് നല്‍കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. കേവല സഹതാപ തരംഗം മാത്രമല്ലെന്നും ജനം ഒപ്പമുണ്ടെന്നുമുള്ള ഉദ്ധവിന്‍റെ വാദങ്ങളാണ് ശക്തി പ്രാപിക്കുന്നതും. പൗരത്വ ഭേദഗതി നിയമം ബി.ജെ.പിയെ തിരിച്ചടിക്കുമെന്നും ദലിത്, മുസ്ലിം വോട്ട് ബാങ്ക് തിരികെ പിടിക്കാനാകുമെന്നും ഉദ്ധവ് വിഭാഗം മല്‍സരിക്കുന്നയിടങ്ങളില്‍ അത് അവര്‍ക്ക് അനുകൂലമാകും എന്നുമുള്ള കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍ ശരിവച്ചത് കൂടിയാണ് ഈ വിജയം.