ആന്ധ്രയില്‍ വീണ്ടും വെന്നിക്കൊടി നാട്ടാന്‍ ചന്ദ്രബാബു നായിഡു. 175 നിയമസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 130 സീറ്റുകളില്‍ തെലുങ്ക് ദേശം പാര്‍ട്ടി ജയമുറപ്പിച്ചു. ജഗന്‍റെ വെ.എസ്.ആര്‍. കോണ്‍ഗ്രസ് 18 സീറ്റുകളിലേക്ക് ചുരുങ്ങി. മേയ് 13നാണ് ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. 175 സീറ്റുകളിലും തനിച്ച് മല്‍സരിച്ച ജഗന്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. പവന്‍ കല്യാണിന്‍റെ ജെ.എസ്.പി 20 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്നു. കുപ്പത്ത് കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ചന്ദ്രബാബു നായിഡു ലീഡ് ചെയ്യുന്നത്. പിതാപുരത്ത് പവന്‍ കല്യാണ്‍ മുപ്പതിനായിരം വോട്ടുകള്‍ക്കും പുലിവെന്ദ്​ലയില്‍ ജഗന്‍ ഇരുപത്തിയെട്ടായിരം വോട്ടുകള്‍ക്കും മുന്നേറ്റം തുടരുകയാണ്. 

ഒഡീഷയിലെ 147 അംഗ നിയമസഭയിലേക്കും ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പമാണ് വോട്ടെടുപ്പ് നടക്കുന്നത്. നാല് ഘട്ടമായി മേയ് 13 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. കാല്‍നൂറ്റാണ്ടോളം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നവീന്‍ പട്നായികിന് പക്ഷേ ഇക്കുറി കാലിടറി. 65 സീറ്റുകളിലാണ് നവീന്‍ പട്നായികിന്‍റെ ബിജു ജനതാദള്‍ ലീഡ് ചെയ്യുന്നത്. 75 സീറ്റുകളില്‍ ബി.ജെ.പിയും 13 ഇടത്ത് കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഎമ്മും സ്വതന്ത്രര്‍ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

147 സീറ്റുകളിലും ബി.ജെ.ഡിയും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. 145 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ 145 മണ്ഡലങ്ങളില്‍ നിര്‍ത്തിയപ്പോള്‍ 7 സീറ്റുകളിലാണ് സിപിഎം മല്‍സരിച്ചത്. 

ലോക്സഭ ഫലം പരിശോധിച്ചാല്‍  ആന്ധ്രയിലും ടി.ഡി. പി മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 16 സീറ്റുകളില്‍ ടി.ഡി.പി മുന്നേറുമ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നാല് സീറ്റിലേക്കും  ബി.ജെ.പി മൂന്ന് സീറ്റിലേക്കും ഒതുങ്ങി. പവന്‍കല്യാണിന്‍റെ ജനസേന പാര്‍ട്ടി രണ്ട് സീറ്റുകളിലും മുന്നേറുന്നു. 

നിയമസഭ തിരഞ്ഞെടുപ്പിലേത് പോലെ വന്‍ മുന്നേറ്റമാണ് ലോക്സഭ സീറ്റുകളില്‍ ബി.ജെ.പി നടത്തുന്നത്. 19 സീറ്റുകളില്‍ ബി.െജ.പി ലീഡ് ചെയ്യുമ്പോള്‍ ഒരോ സീറ്റില്‍ വീതമാണ് ബി.ജെ.ഡിയും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നത്. 

ENGLISH SUMMARY:

Chandrababu Naidu's Telugu Desam Party is set for a comeback in Andhra Pradesh. Leads in 170 seats. In Odisha BJP crosses majority