തൃശൂരിന്റെ തിടമ്പ് ആരേറ്റും?; ശക്തന്റെ മണ്ണിലിത് പൊടി പാറും പോരാട്ടം

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നതിന് മുന്‍പ്  തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ലോക്സഭാ മണ്ഡലം.  സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മല്‍സരം നടക്കുന്നയിടം. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം, പൂരങ്ങളുടെ നാട് മറ്റൊരു മാമാങ്കത്തിന് കുടമാറ്റത്തിന് ഒരുങ്ങുകയാണ്. പ്രബലരായ സ്ഥാനാര്‍ഥികളെ തന്നെ ഇറക്കിയാണ് മൂന്ന് മുന്നണികളും കളത്തിലിറങ്ങിയിരിക്കുന്നത്. വാശിയേറിയ പോരാട്ടത്തിനായിരിക്കും നാട് സാക്ഷ്യം വഹിക്കുകയെന്ന് തീര്‍ച്ച. തൃശൂരിന്‍റെ എംപി പട്ടം ആര് ചാര്‍ത്തും .ആ തിടമ്പേറാന്‍ തൃശിവപേരൂര്‍ ആരെ ഡല്‍ഹിയ്ക്ക് പറഞ്ഞയക്കും. നോക്കാം.

മണ്ഡലചരിതം

രാഷ്ട്രീയ ചാണക്യൻ കെ.കരുണാകരനെ സ്വന്തം തട്ടകത്തിൽ തറപറ്റിച്ച മണ്ഡലം–  തൃശൂർ ലോക്സഭാ മണ്ഡലത്തെ രാഷ്ട്രീയ നിരീക്ഷകർ ഓര്‍ക്കുന്നത് അങ്ങനെയാവും.. 2019ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം 12,93,744  വോട്ടർമാരാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിലുള്ളത്.

ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്സഭാ മണ്ഡലം. 

1951 മുതൽ 2019 വരെ നടന്ന തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ സിപിഐയാണ് മണ്ഡലം കൂടുതല്‍ തവണ പിടിച്ചത്. 10 തവണ സിപിഐ വിജയിച്ചപ്പോൾ ഏഴ് തവണ തൃശൂർ കോൺഗ്രസിനൊപ്പം നിന്നു. ഈ മണ്ഡലത്തിന്റെ രാഷ്ട്രീയമെന്നത് അതതു സമയത്തെ തീരുമാനമാണ്.  കാരണം സ്വന്തം നാട്ടില്‍ സാക്ഷാല്‍ ലീഡറെ തറപറ്റിച്ചു. വിരുന്നുകാരനായി വന്ന പിസി ചാക്കോയേയും ഒരിക്കല്‍ സികെ ചന്ദ്രപ്പനെപ്പോലും പാസാക്കി വിട്ടിട്ടുമുണ്ട്. .  കഴിഞ്ഞ തവണ യുഡിഎഫിനു കിട്ടിയത് മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു– 93,633. നാലുതവണ എംഎ‍ൽഎയായ പ്രതാപന്റെ വ്യക്തിബന്ധവും ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചു. എല്ലായിടത്തും കോൺഗ്രസിനായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും. 

ഗജവീരന്‍മാര്‍ ആരൊക്കെ?

തൃശൂരെടുക്കാന്‍ മുന്‍പേ പുറപ്പെട്ട, പിന്നെ തൃശൂരെനിക്ക് തരണമെന്ന് പറഞ്ഞ താരരാജാവ് സുരേഷ്ഗോപിയിലൂടെയാണ് മണ്ഡലം കാണികളുടെ ശ്രദ്ധാകേന്ദ്രമായി ആദ്യം മാറിയത്. യുഡിഎഫിന് വേണ്ടി കെ.മുരളീധരനും എൽഡിഎഫിനായി വി.എസ് സുനിൽ കുമാറും ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയുമാണ് കളത്തിൽ.

സുരേഷ്ഗോപി

ബിജെപി സീറ്റ് പിടിക്കുമെന്ന് ഉറപ്പിച്ചിരിക്കുന്ന മണ്ഡലം കൂടെയാണിത്. മണ്ഡലത്തിൽ സുരേഷ് ഗോപിയിലൂടെ ഉയർന്ന ബിജെപി വോട്ടുകൾ തന്നെയാണ് പാർട്ടിയുടെ  ആത്മവിശ്വാസം. 2009ൽ ബിജെപി നേടിയത് വെറും 54,000 വോട്ട്  . എന്നാൽ 2014ൽ അത് 1.2 ലക്ഷമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,93,822 വോട്ടായി അത് മാറി. അതായത് 28.2 ശതമാനം വോട്ട് . ഇതാണ് ഇത്തവണ താമരവിരിയുമെന്ന പ്രതീക്ഷ ബിജെപിക്കുള്ളത്.തൃശൂര്‍  അങ്ങെടുക്കാന്‍ ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്  രണ്ടുതവണ. മണ്ഡലം രാജ്യ ശ്രദ്ധ തന്നെ നേടി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന സഹകാരി മാർച്ച് ബിജെപിക്ക് ഗുണം ചെയ്തെന്ന് വേണം കരുതാന്‍ . ഇക്കുറി തിരഞ്ഞെടുപ്പ് ചൂടെത്തും മുൻപേ തൃശൂരിലെ ഓട്ടോകളിൽ സുരേഷ് ഗോപിയുടെ ചിത്രവും താമരയും പ്രത്യക്ഷപ്പെട്ടു. ‘തൃശൂരിന് കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരന്റി’യെന്ന് ചുവരെഴുത്തുകൾ സജീവമായി.

കെ.മുരളീധരന്‍

 അതുകൊണ്ടുതന്നെ തൃശൂരിനെ കൈവിടാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് മഹാജനസഭയെന്ന പേരിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  തുടക്കം കുറിച്ചത് തൃശൂരിൽ നിന്നാണ്. പ്രധാനമന്ത്രി എത്തിയ അതേ വേദിയിൽ നിന്ന്, ബിജെപിക്കെതിരെ കോൺഗ്രസ് പോർവിളി നടത്തി. പിന്നാലെ വന്‍ കരുനീക്കങ്ങള്‍ക്കൊടുവില്‍ പത്മജ ബിജെപിയിലേക്ക് പോയ ക്ഷീണം മറികടക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി കെ മുളീധരനെതന്നെ തൃശൂരിലിറക്കിയാണ് കോണ്‍ഗ്രസ് അപ്രതീക്ഷിത കുടമാറ്റം നടത്തിയത്.

വി.എസ്.സുനില്‍കുമാര്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ല ചുവന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ എൽഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 13–ൽ 12 സീറ്റും എൽഡിഎഫ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുപാളയം. സിപിഐ മണ്ഡലമാണ് തൃശൂർ. 

വി.എസ്.സുനിൽ കുമാറിലൂടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് തന്നെയാണ് സിപിഐയുടെ പ്രതീക്ഷ. ‌

തൃശൂർക്കാരുടെ സ്വന്തം സുനിലേട്ടനായി പൂരത്തിനും പെരുന്നാളിനും സംഘാടകരേക്കാൾ ഊർജസ്വലതയോടെ ഒാടി നടക്കുന്ന ആളാണ് വി.എസ്.സുനില്‍കുമാര്‍.  സുനിൽകുമാറിന് വേണ്ടി ചുവരെഴുത്ത് നടന്നത് സോഷ്യൽ മീഡിയയിലായിരുന്നു. ‘സുനിലേട്ടന് ഒരു വോട്ട്’ എന്ന് ചോദിച്ചെത്തിയ പോസ്റ്റുകള്‍ പലയിടത്തും വാളിലെത്തി.  മണ്ഡലത്തിലെ ജനസ്വീകാര്യതയാണ് വിഎസ് സുനിൽ കുമാറില്‍ എൽ ഡി എഫ് പ്രതീക്ഷ. 

ശക്തന്‍റെ മണ്ണില്‍ അങ്കം കുറിച്ചു കഴിഞ്ഞു,ഇനി പൊടിപാറുമെന്നുറപ്പ് ,തൃശിവപ്പേരൂരിന്‍റെ തിടമ്പേറ്റാന്‍ ആരെത്തും, കാണാം വരും ദിവസങ്ങളില്‍ ആ കുടമാറ്റങ്ങള്‍.

Things to know about Thrissur Constituency