കാന്‍സര്‍ അതിജീവിച്ച ശേഷവും രോഗത്തെക്കുറിച്ചും രോഗസാഹചര്യങ്ങളെ കുറിച്ചും സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുകയാണ് സാമൂഹിക പ്രവര്‍ത്തകയും കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ പങ്കാളിയും കൂടിയായ നിഷ. ഇന്ന് ഉറച്ച ആത്മവിശ്വാസത്തോടെയാണ് നിഷ സമൂഹത്തോട് സംസാരിക്കുന്നത്.
രോഗത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായതു തന്നെയാണ് നിഷയ്ക്ക് തുണയായത്. തന്‍റെ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞിട്ടും തളരാതെ കുടുംബത്തിന് ഏറെ പിന്തുണ നല്‍കിയാണ് നിഷ രോഗത്തെ നേരിട്ടത്. കീമോ പോലും വേണ്ടിവരാത്ത തരത്തില്‍ രോഗത്തെ പൂര്‍ണമായും തുടച്ചുമാറ്റാനായെന്ന് നിഷ മനോരമന്യൂസ് കേരളകാന്‍ ലൈവത്തണ്‍ വേദിയില്‍ പറയുന്നു.എത്ര വേഗത്തില്‍ രോഗ നിര്‍ണയം നടത്താന്‍ കഴിയുന്നു അത്ര വേഗത്തില്‍ തന്നെ രോഗത്തില്‍ നിന്ന് മുക്തി നേടാനാകുമെന്നാണ് നിഷയും നിഷയുടെ അതിജീവനവും പറഞ്ഞുവയ്ക്കുന്നത്.
ഒപ്പം മാമൊഗ്രാം പരിശോധനയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന തെറ്റായ സന്ദേശങ്ങളില്‍ വീണു പോകരുതെന്ന മുന്നറിയിപ്പും നിഷ നല്‍കുന്നുണ്ട്.മാമൊഗ്രാം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിഷ പറയുന്നു. കാന്‍സര്‍ ബാധിതരുടെ നിര്‍വചനം മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി കേരളത്തിലെ 14 ജില്ലകളിലും ' ‘കാരുണ്യ സന്ദേശ യാത്ര’എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്ന തിരക്കിലാണ് നിഷ.