അതിജീവനത്തിനൊപ്പം ജീവിതപോരാട്ടത്തിന്‍റെ കഥ കൂടി പറയുകയാണ് സിനിമ – നാടക നടി ജയ നൗഷാദ്. ഒരു വര്‍ഷം മുമ്പാണ് കോഴിക്കോട് ചേമഞ്ചേരി സ്വദേശിയായ ജയ സ്തനാര്‍ബുദത്തെ അതിജീവിച്ചത്. അര്‍ബുദബാധിതരുടെ അതിജീവനത്തിനായി സജീവമായി ഇടപ്പെടുകയാണിപ്പോള്‍ ഇവര്‍.
അഭിനയിച്ച നാടകങ്ങള്‍ പോലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ആയിരുന്നു ജയയുടെ ജീവിതത്തിലും. ശാന്തമായൊഴുകിയ ജീവിതത്തിന്‍റെ തിരക്കഥയില്‍ ഇടിത്തീയായി എത്തിയ സ്തനാര്‍ബുദത്തെ കരുത്തോടെ വെട്ടി തിരുത്തിയെഴുതി മുന്നേറുകയാണ് ജയ നൗഷാദ്. ഒരു മുള്ള് എടുത്ത് മാറ്റുന്ന ലാഘവത്തോടെ അര്‍ബുദത്തെ അതിജീവിച്ചപ്പോള്‍ പ്രചോദനമായത് ഒട്ടേറെപേര്‍ക്കാണ്. കരുത്തേകി എല്ലാത്തിനുമൊപ്പം നിന്നതാകട്ടെ ജീവിതപങ്കാളിയും നാടക– സിനിമാ സംവിധായകനുമായ നൗഷാദ്. ഒപ്പം മക്കളായ നിളയും സ്വാതിയും. ഒരു വര്‍ഷം മുമ്പ് സിനിമാചിത്രീകരണത്തിനിടെയാണ് ജയയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്.
12–ാം വയസ് മുതല്‍ നാടകവേദികളില്‍ സ്ഥിരംസാന്നിധ്യമാണ് ജയ. 2010 ല്‍ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ നെല്ലിലെ അഭിനയത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം തേടിയെത്തി. 250 ലധികം നാടകങ്ങളിലും അഞ്ച് സിനിമകളിലും ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. നിലവില്‍ ചലച്ചിത്രമേഖലയില്‍ സംവിധാന സഹായിയാണ് ഇവര്‍. ജയയും നൗഷാദും നാടകപ്രവര്‍ത്തനതിനിടെയാണ് കണ്ടതും ഒന്നിച്ചതും. ജീവിതത്തില്‍ ദുസ്വപ്നമായെത്തിയ അര്‍ബുദത്തെ നേരിട്ടത് നൗഷാദിന്‍റെ പ്രത്യേക കരുതല്‍ കൊണ്ടാണെന്ന് ജയയ്ക്കറിയാം, നൗഷാദിനും.