'റബര്‍ കര്‍ഷകരെ അവഹേളിച്ചു'; ബജറ്റ് പൊങ്ങച്ച പ്രകടനമെന്ന് പ്രതിപക്ഷം

HIGHLIGHTS
  • 'അധികവിഭവ സമാഹരണ നിര്‍ദേശങ്ങള്‍ അപ്രായോഗികം'
  • 50 ശതമാനംപോലും കിട്ടില്ലെന്ന് പ്രതിപക്ഷം
  • 'ഭരണപക്ഷത്തുനിന്നുപോലും കയ്യടി കുറഞ്ഞു'
satheesan-budget-05
SHARE

ജനങ്ങളെ കബളിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പൊങ്ങച്ച പ്രകടനമാണ് ബജറ്റ് എന്ന് പ്രതിപക്ഷം. പത്തുരൂപ കൂട്ടി റബര്‍ കര്‍ഷകരെ അവഹേളിച്ചു. 1067 കോടിയുടെ അധികവിഭവ സമാഹരണ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണ്. ഇതില്‍ 50 ശതമാനംപോലും കിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ബജറ്റിന് ഭരണപക്ഷത്തുനിന്നുപോലും കയ്യടി കുറവായിരുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതേസമയം, ക്ഷേമപെന്‍ഷന്‍ പോലും നല്‍കാന്‍ ഗതിയില്ലാത്ത സ്ഥിതിയില്‍, പദ്ധതികള്‍ക്ക് മുടക്കാന്‍ പണമില്ലാത്തതിനാല്‍ സ്വകാര്യമേഖലയ്ക്കായി പച്ച പരവതാനി വിരിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്‍റെ നാലാമത്തെ ബജറ്റില്‍. കേരളമെന്ന് കേട്ടാല്‍ ചോര തിളയ്ക്കണം എന്നു പറഞ്ഞ് തന്‍റെ ബജറ്റ് ജനങ്ങള്‍ക്ക് മുന്നിലേക്ക് വച്ച് സഹായം തേടുകയാണ് ധനമന്ത്രി. പുതുതലമുറ നിക്ഷേപ മാതൃകകളാണ് ബജറ്റിലുടനീളം. ടൂറിസം, വിദ്യാഭ്യാസം, വ്യവസായം, പരിചരണം, ആരോഗ്യം, കായികം എന്നീ മേഖലകളിലാണ് പ്രധാനമായി സ്വകാര്യനിക്ഷേപം പ്രതീക്ഷിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. 5000 കോടിയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങും. വയോജനങ്ങള്‍ക്കായി കെയര്‍ സെന്‍ററുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലയെ ക്ഷണിച്ചിരിക്കുകയാണ് ധനമന്ത്രി.

ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. സംസ്ഥാനത്ത് വിദേശസര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കാന്‍ വന്‍ ഇളവുകളോടെ ഏകജാലക ക്ലിയറന്‍സ് പ്രഖ്യാപിച്ചു. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷന്‍ നിരക്കുകളിലും ഇളവ്, വൈദ്യതിക്കും വെള്ളത്തിനും സബ്സിഡി, നികുതി ഇളവുകള്‍, മൂലധനത്തിന് മേല്‍ നിക്ഷേപ സബ്സിഡി എന്നിവ എല്ലാം ഉള്‍പ്പെട്ട പുതിയ നിക്ഷേപ നയമാണ് വരുന്നത്. തീര്‍ന്നില്ല, സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളും തുടങ്ങും. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ഇക്കൊല്ലം വരും. പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ പ്രോത്സാഹന ഫണ്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സന്നദ്ധരായവരെ പ്രതീക്ഷിച്ചാണിത്. ഓണ്‍ലൈനായും സംഭാവന നല്‍കാം. ആരോഗ്യ മേഖലയിലും സര്‍ക്കാര്‍ സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നുണ്ട്. ആശുപത്രികളുടെ വികസനത്തിന് പണം നല്‍കാന്‍ സന്നദ്ധരായവരില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് ആരോഗ്യ സുരക്ഷാ ഫണ്ട് ആവിഷ്കരിച്ചിരിക്കുകയാണ് ധനമന്ത്രി. ഇത്തവണത്തെ ബജറ്റില്‍ കിഫ്ബി പദ്ധതികള്‍ കാര്യമായൊന്നും ഇല്ല. അതിന് പകരമാണ് ജനങ്ങളില്‍ നിന്ന് സഹായം തേടിയും സ്വകാര്യമേഖലയെ മുന്‍നിര്‍ത്തിയും പദ്ധതികള്‍ പ്രഖ്യാപിച്ചത്.

Govt insults rubber farmers, alleges opposition

MORE IN BREAKING NEWS
SHOW MORE