കൊള്ളബജറ്റും പിടിച്ചുപറിയെന്നും ആക്ഷേപിച്ച് പ്രതിപക്ഷം രംഗത്ത്. ഒരു തരത്തിലും ബജറ്റിനെ അംഗീകരിക്കാനാവില്ല. നികുതി നിര്‍ദേശങ്ങള്‍ ശാസ്ത്രീയവും നീതിയുക്തവുമല്ല. സംസ്ഥാന ബജറ്റ് കേരളത്തിന്റെ ധനപ്രതിസന്ധിയെ മറച്ച് വയ്ക്കുകയും, നികുതിക്കൊള്ള നടത്തുകയും ചെയ്യുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബജറ്റിൽ അവതരിപ്പിച്ച 3000 കോടിയുടെ നികുതി വർധനവ് അശാസ്ത്രീയമാണ്. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നും നികുതി പിരിവിൽ ദയനീയമായി പരാജയപ്പെട്ടുവെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ ആരോപിച്ചു. പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ രണ്ടുരൂപ സെസ് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേനയം. നടുവൊടിക്കുന്ന ബജറ്റാണിതെന്നും ചെന്നിത്തല ആരോപിച്ചു.