ബെംഗളുരുവില്‍ വിപണി ഉറപ്പിക്കാനുള്ള അമൂലിന്റെ നീക്കത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി കര്‍ണാടകയിലെ ഹോട്ടല്‍ ഉടമകള്‍. സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി 'നന്ദിനി' പാല്‍ മാത്രമേ ഹോട്ടലുകളില്‍ ഉപയോഗിക്കുകയുള്ളൂവെന്നാണ് ഹോട്ടലുടമകളുടെ സംഘടനയായ ബൃഹത് ബെംഗളുരു ഹോട്ടല്‍സ് അസോസിയേഷന്റെ നിലപാട്. 

കന്നഡിഗര്‍ നന്ദിനിയുെട പാലും പാലുല്‍പ്പന്നങ്ങളുമാണ് ഉപയോഗിക്കേണ്ടത്. സ്വന്തം ക്ഷീര കര്‍ഷകരുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്നും അതില്‍ പങ്കുചേരുന്നുവെന്നും സംഘടന വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാലും പാലുല്‍പ്പന്നങ്ങളും കര്‍ണാടകയിലേക്ക് എത്താന്‍ തുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ലെന്നും അന്നും ഇന്നും നന്ദിനിയാണ് ഉള്ളതെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു. 

ക്ഷീര കര്‍ഷകരെ തകര്‍ക്കുന്നതിനാണ് അമൂലിനെ കര്‍ണാടകയിലേക്ക് ബിജെപി കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പോലെ സംസ്ഥാനങ്ങളുടെ മേല്‍ അമിത അധികാരം സ്ഥാപിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണിതെന്നും സിദ്ധരാമയ്യ ആരോപിച്ചു. പിന്‍വാതില്‍ വഴി സംസ്ഥാനത്തെ ക്ഷീര വിപണി പിടിച്ചടക്കാനുള്ള അമൂലിന്റെ നീക്കത്തില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Row in Karnataka over Amul's entry