ബസവരാജ് ബൊമ്മെ, ഡി.കെ.ശിവകുമാര്‍

ബസവരാജ് ബൊമ്മെ, ഡി.കെ.ശിവകുമാര്‍

കർണാടകയിൽ കോൺഗ്രസിന്റെ തന്ത്രങ്ങൾക്ക് മറുമരുന്നൊരുക്കി ബി.ജെ.പി. സ്ഥാനാർഥി പട്ടിക. താര പ്രചാരകരായ ഡി.കെ. ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും എതിരെ കരുത്തുറ്റ സ്ഥാനാർഥികളായി നിലവിലെ മന്ത്രിമാരെ തന്നെ രംഗത്തിറക്കി. ഹിജാബ് നിരോധന വിവാദത്തിന്റെ പ്രഭവ കേന്ദ്രമായ ഉഡുപ്പിയിൽ ഹിജാബ് നിരോധനത്തിനായി ശക്തിയുക്‌തം വാദിച്ച എം.എൽ.എ. രഘുപതി ഭട്ടിനെ ബി.ജെ.പി. തഴഞ്ഞു. അതിനിടെ റിബൽ സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാർ. 

 

മുഖ്യമന്ത്രി ബസവരാജ് ബൊമൈ ശിഗാവിൽ നിന്ന് ജനവിധി തേടും. ശിക്കാരിപുരയിൽ ബി.എസ് യഡ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര കുടുംബ സീറ്റ് നിലനിർത്താൻ ഇറങ്ങും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി ചിക്കമംഗലുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം വിജയത്തിനായി പോരാടും. വരുണയിൽ സിദ്ധരാമയ്യക്കെതിരെ വി സോമണ്ണയും കനകപുരയിൽ ഡി.കെ ശിവകുമാറിനെതിരെ ആർ അശോകയും മൽസരിക്കും. സോമണ്ണ ചാമരാജനഗറിലും അശോക പത്മനാഭനഗറിലും കൂടി ജനവിധി തേടുന്നുണ്ട്. ബി ശ്രീരാമലു ബെല്ലാരി റൂറലിൽ നിന്നും അശ്വന്ത് നാരായൺ മല്ലേശ്വരത്തു നിന്നും യശ്പാൽ ഉഡുപ്പിയിൽ നിന്നും മൽസരിക്കും. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിക്ക് സീറ്റില്ല. രമേശ് ജാർക്കഹോളി അടക്കം കൂടുവിട്ട് വന്നവർക്ക് പരിഗണന ലഭിച്ചു. ഈശ്വരപ്പയുടെ മകനെ തഴഞ്ഞു. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് 51 പേരും വൊക്കലിഗ വിഭാഗത്തിൽ നിന്ന് 41 പേരും കുർബ വിഭാഗത്തിൽ നിന്ന് 3 പേരും ആദ്യഘട്ട സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു.

 

karnataka assembly election bjp candidates